Skip to main content

വളാഞ്ചേരിയില്‍ 'സായംപ്രഭ ഭവനം' ഉദ്ഘാടനം 30 ന്

  വയോജന പരിപാലനത്തിനായി സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന 'സായംപ്രഭ ഭവനം' വളാഞ്ചേരി കാവുംപുറത്ത് ഈ മാസം 30 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഏഴു സായംപ്രഭ ഭവനങ്ങളില്‍ ആദ്യത്തേതാണ് കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിക്കുന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക.
   വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'പകല്‍ വീടുകള്‍' ആണ് കൂടുതല്‍ സൗകര്യങ്ങളോടെയും സര്‍ക്കാര്‍ സഹായങ്ങളോടെയും സായംപ്രഭ ഭവനങ്ങളായി മാറ്റുന്നത്. 2008 ലാണ് കാവുംപുറത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍  പകല്‍വീട് ആരംഭിച്ചത്. നിലവില്‍ ദിവസവും 20 ഓളം വയോജനങ്ങള്‍ ഇവിടെ ഗുണഭോക്താക്കളായുണ്ട്. സായം പ്രഭാ ഭവനമായി മാറുന്നതോടെ ഇവിടെ കെയര്‍ ഗിവര്‍മാരുടെ സേവനം, യോഗ, മെഡിറ്റേഷന്‍, കൗണ്‍സലിങ്, വൈദ്യപരിശോധന, വിനോദോപാധികള്‍ എന്നിവ ഒരുക്കും. യോഗ, കൗണ്‍സിലിംഗ് തുടങ്ങിയവയ്ക്കായി പരിശീലനം സിദ്ധിച്ച ആളുകളെ നിയമിച്ചിട്ടുണ്ടെന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പറഞ്ഞു.
  60 വയസ്സ് കഴിഞ്ഞവരാണ് ഗുണഭോക്താക്കള്‍. 'സായം പ്രഭ' ഭവനങ്ങളുടെ നടത്തിപ്പിനായി നിയോഗിക്കുന്ന മാനേജ്മെന്റ് കമ്മിറ്റിയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. സമപ്രായക്കാരുമായി ഇടപെട്ട് മാനസികോല്ലാസത്തിന് കേന്ദ്രത്തില്‍ അവസരമൊരുക്കും. ശാരീരിക പരിരക്ഷയ്ക്കാ വശ്യമായ ആരോഗ്യ പരിശോധന കൃത്യമായ കാലയളവില്‍ നടത്തും. പോഷകാ ഹാരക്കുറവുള്ളവര്‍ക്ക് രണ്ടുനേരം ഭക്ഷണം നല്‍കും.
    കേന്ദ്രങ്ങളില്‍ ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടോയെന്നറിയാന്‍ തദ്ദേശവകുപ്പിലെ അധ്യക്ഷന്‍, വാര്‍ഡ് മെമ്പര്‍, അലോപ്പതി -ആയുര്‍വേദ -ഹോമിയോ വിഭാഗത്തിലെ ഡോക്ടര്‍, പ്രദേശത്തെ സബ് ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട മേല്‍നോട്ട സമിതിയുണ്ട്.

 

date