Skip to main content

കാര്‍ഷികോല്‍പാദനോപാധി വിപണന കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം 23 ന്

കൃഷി വകുപ്പ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവ സംയുക്തമായി ആരംഭിച്ച കാര്‍ഷികോല്‍പാദനോപാധി വ്യാപാരികള്‍ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ഡി എ ഇ എസ് ഐ) എന്ന ഡിപ്ലോമ കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 23 രാവിലെ 10.30 ന് കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. അഡ്വ. കെ രാജന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഡി എ ഇ എസ് ഐ പരിശീലന കൈപ്പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. കൃഷി വിജ്ഞാന്‍ കേന്ദ്രം മേധാവി ഡോ. പ്രേമ കൈപ്പുസ്തകം ഏറ്റു വാങ്ങും. ഭരണസമിതിയംഗങ്ങളായ കെ വി വിജയദാസ്, ജി എസ് ജയലാല്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പുഷ്പകുമാരി എന്നിവര്‍ ആശംസ നേരും. കാര്‍ഷിക വികസന ഡയറക്ടര്‍ ഡോ. പി കെ ജയശ്രീ സ്വാഗതവും സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജിജു പി അലക്‌സ് നന്ദിയും പറയും.
 
 

date