Skip to main content

തലക്കുളത്തൂരില്‍ ശുചിത്വപ്രവര്‍ത്തനം ഊര്‍ജിതമാക്കണം -മന്ത്രി എ.കെ ശശീന്ദ്രന്‍

മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ട് ചെയ്ത തലക്കുളത്തൂരിലും പരിസര പഞ്ചായത്തുകളിലും ക്ലാറിനേഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തണമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ചേളന്നൂര്‍ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏഴ് ടീമുകളായി തിരിഞ്ഞാണ് സ്ഥലത്ത് പ്രവര്‍ത്തനം നടത്തുന്നത്. രോഗബാധ കുറഞ്ഞു വരുന്നു എന്നത് ആശ്വാസകരമാണ്. ക്ലോറിനേഷന്‍, ശുചിത്വ ബോധവത്കരണം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഊര്‍ജിതമാക്കുന്നതിനും യോഗത്തില്‍ നിര്‍ദേശം നല്‍കി.  
ഫ്‌ളാറ്റുകളിലെ സെപ്റ്റിക് ടാങ്കുകള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ പരിശോധിക്കപ്പെടുന്നതിന് സ്ഥിരം സംവിധാനമൊരുക്കുന്നതിന് നടപടിയുണ്ടാവണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മഞ്ഞപ്പിത്തബാധ സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം ഷാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൂജാത, എന്‍.കെ വാസു മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ബേബി പ്രീത, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 
 

date