സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്താകാന്‍ കൂരോപ്പട
കൂരോപ്പട പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമാഹരിക്കുന്ന യജ്ഞം ഉമ്മന്‍ ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്‌കരണവുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇത് പരിഹരിച്ചില്ലെങ്കില്‍ വരുംതലമുറ വലിയ വില നല്‍കേണ്ടി വരും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരള മിഷന്‍ വിജയിപ്പിക്കുവാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യം ശേഖരിക്കുവാന്‍ വീടുകളില്‍ സ്ഥാപിക്കുന്ന ബാഗുകളുടെ വിതരണം ഹരിത കേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍ സീമ നിര്‍വഹിച്ചു. ഗുരുതരമായ മലിനീകരണമാണ് കേരളം നേരിടുന്നത് . ഉറവിട മാലിന്യസംസ്‌ക്കരണമെന്ന ആശയം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ മാലിന്യ പ്രശ്‌നം വരുംതലമുറയ്ക്ക് വലിയ വെല്ലുവിളിയായി മാറും. ജാതി മത രാഷ്ട്രീയത്തിന് അതീതമായി പ്രകൃതിയുടെ സംരക്ഷണത്തിനായി നില കൊള്ളാന്‍ സാധിക്കണം. പ്രവര്‍ത്തനം ആരംഭിച്ച് ഒന്നര വര്‍ഷം കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹരിത കേരള മിഷന് സാധിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി.
'ഗുഡ് എര്‍ത്ത് ' എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 17 വാര്‍ഡുകളിലുള്ള ഏഴായിരത്തി അഞ്ഞൂറോളം വീടുകള്‍ പദ്ധതിയുടെ ഭാഗമാകും. എല്ലാ വാര്‍ഡുകളിലും വീട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്തിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേകം തയ്യാറാക്കിയ ബാഗുകള്‍ നല്‍കും. രണ്ട് നിറങ്ങളിലുള്ള ബാഗുകളാണിവ. പച്ച നിറത്തിലുള്ള ബാഗില്‍ വൃത്തിയുള്ളതും നീല നിറത്തിലുള്ള ബാഗില്‍ മറ്റ് പ്ലാസ്റ്റിക്കുകളുമാണ് നിക്ഷേപിക്കേണ്ടത്. രണ്ട് മാസം കൂടുമ്പോള്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പനി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഈ മാലിന്യങ്ങള്‍ ശേഖരിക്കും.
കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശശികല നായര്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു , ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. രമേശ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് സുജാത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മിനി മുരളി നന്ദിയും പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-1271/18)
- Log in to post comments