Skip to main content

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുമായി അയ്മനം പഞ്ചായത്ത്

പകര്‍ച്ച വ്യാധികളും സാംക്രമീക രോഗങ്ങളും തടയാന്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  അയ്മനം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ആരോഗ്യം ശുചിത്വം ജലസംരക്ഷണം തുടങ്ങിയ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വാര്‍ഡ് തലത്തിലും പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലുമാണ് ആദ്യഘട്ടത്തില്‍  പഞ്ചായത്തിലെ ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പകര്‍ച്ചവ്യാധി പ്രതിരോധം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും അയ്മനം ആയുഷ് പി.എച്ച്.സി യുടെ നേതൃത്വത്തില്‍ ആരോഗ്യ ക്യാപും സംഘടിപ്പിച്ചു. ശുചിത്വ ഗ്രാമം ക്ലീന്‍ അയ്മനം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പാക്കുന്ന പ്ലാസ്റ്റിക്ക് ശേഖരണ ബിന്നുകളുടെ പ്രവര്‍ത്തനം മാലിന്യ നിര്‍മ്മാജനത്തിന് വഴിയൊരുക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചന്‍ പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-1276/18)

date