കോവിഡ് മഹാമാരിമൂലം വ്യാപാര വിപണന രംഗത്ത് കഴിഞ്ഞ രണ്ടുവർഷക്കാലം സമഗ്രമായ മാറ്റങ്ങളാണ് സംഭവിച്ചത്. ജനങ്ങൾ പൊതു ഇടങ്ങളിലേയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനുൾപ്പടെ ഇറങ്ങുന്നത് കുറയുകയും ഉത്പന്നങ്ങൾ ഉപഭോക്താവ് എവിടെയാണോ അവിടെ എത്തിച്ചു നൽകുന്ന ഡെലിവറി സംവിധാനത്തിന് ഗ്രാമങ്ങളിൽ പോലും വൻ സ്വീകാര്യത ലഭിയ്ക്കുകയും ചെയ്തു. ഉപഭോക്താവിന് കൂടുതൽ പ്രാധാന്യം നൽകി ഏറ്റവും എളുപ്പത്തിൽ ഉത്പ്പന്നങ്ങൾ ലഭിയ്ക്കുന്ന ഈ ഡെലിവറി സംവിധാനത്തിന് ഇപ്പോൾ കേരള സർക്കാരിന്റെ സിവിൽ സപ്ലൈസ് വകുപ്പും തുടക്കം കുറിച്ചിരിയ്ക്കുകയാണ്. പരമാവധി വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ജനങ്ങളിലേക്കെത്തിയ്ക്കുന്നതിനായി സപ്ലൈകോ 'സപ്ലൈ കേരള' എന്ന പേരിൽ ആൻഡ്രോയിഡ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
വമ്പിച്ച ഓഫറുകളും ഉപഭോക്താക്കൾക്കായി സപ്ലൈക്കോ ഒരുക്കിയിട്ടുണ്ട്. ആപ് വഴി ബുക്ക് ചെയ്യുന്നവർക്ക് 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നല്‍കും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5,000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും നല്‍കും. കൂടാതെ ഓണ്‍ലൈന്‍ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും.
സപ്ലൈകോ ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവും ആപ് വഴി ലഭ്യമാണ്. ആപ് വഴി ലഭിയ്ക്കുന്ന ഓർഡറുകൾ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചു നൽകും. 10 കിലോമീറ്റർ ചുറ്റളവിലായിരിയ്ക്കും സപ്പ്ളൈകോയുടെ ഡെലിവറി സംവിധാനം ഉണ്ടാവുക. നാല് കി.മീ ദൂരത്ത് അഞ്ച് കിലോ തൂക്കത്തിന് 35 രൂപയും ജിഎസ്ടിയും എന്ന നിരക്കിൽ ഡെലിവറി ചാർജ് ഈടാക്കിയാകും ഡെലിവറി നടത്തുക.ഉപഭോക്താക്കൾക്ക് സപ്ലൈ കേരള ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്ലെറ്റ് തിരഞ്ഞെടുത്ത് സപ്ലൈകോ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. സപ്ലൈ കേരള വഴി പുതുതായി വിപണിയിലിറക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള തൽക്ഷണ അറിയിപ്പ് ലഭിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 500ൽ പരം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെ 'സപ്ലൈ കേരള' ആപ്പ് വഴി വലിയൊരു വിതരണ ശൃംഖല സ്ഥാപിതമാകുന്നതോടെ 10,000ലധികം യുവജനകൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.തൃശൂരിലെ മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഹോം ഡെലിവറിയുടെ ആദ്യഘട്ടം ആരംഭിച്ചട്ടുള്ളത്. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോർപറേഷൻ ആസ്ഥാനങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ല ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകൾ പരിഹരിച്ച് നാലാംഘട്ടം മാർച്ച് 31ന് മുൻപായി കേരളത്തിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും നടപ്പാക്കും.