സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ; സ്ത്രീപക്ഷ നവകേരളം എന്ന ഒരു ബൃഹത്തായ പ്രചരണ പരിപാടി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുകയാണ്. സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുകയെന്നതാണ് ഈ ബോധവല്‍ക്കരണ പരിപാടിയുടെ പ്രധാന ലക്‌ഷ്യം. കേരള സംസ്ഥാന സര്‍ക്കാര്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോവുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. എങ്കിലും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം പ്രവണതകള്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രം ഇല്ലാതാക്കാന്‍ പറ്റുന്നതല്ല. അതിനാവശ്യം സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുവാനുള്ള ബോധവല്‍ക്കരണമാണ്. സ്ത്രീപക്ഷത്ത് നില്‍ക്കുന്ന സ്ത്രീകളും പുരുഷന്‍മാരും ഉള്ളത് പോലെ സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ ഭാഗമായി നില്‍ക്കുന്ന സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. അത്തരമൊരു സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സര്‍വ്വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടര്‍ പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും.