ബൗദ്ധിക വികാസത്തിന് വായന അനിവാര്യം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കാലത്ത് ബൗദ്ധികമായ കഴിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വായനാശീലം അനിവാര്യമാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ രാജ്യത്തിന് അനിവാര്യമാണ്. അതിനായി വായനശീലം കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വായന വാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായന വാരാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പരിപാടികളാണ് നടന്നത്. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നടത്തിയ സാഹിത്യ ക്വിസ്, വായനാ മത്സരം, വായനാക്കുറുപ്പ് മത്സരം, കവിയരങ്ങ് എന്നീ വിഭാഗങ്ങളില്‍ വിജയിച്ചവര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തിയ ജില്ലാതല പ്രശ്‌നോത്തരി മത്സരവിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ജെ.കെ. എഡിസണ്‍, ഹെഡ് മാസ്റ്റര്‍ ആര്‍.എസ്. സുരേഷ് ബാബു, പി.ആര്‍.ഡി. അസി. എഡിറ്റര്‍ ജി. ബിന്‍സി ലാല്‍, ആര്‍.സുരേഷ്‌കുമാര്‍, രാജി ആര്‍. പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി 1712/2018)
- Log in to post comments