Skip to main content

മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍  ഉള്‍പ്പെടുത്തും-ചെയര്‍മാന്‍     

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. ബോര്‍ഡിന്റെ ജില്ലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കലക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന തൊഴിലാളി പ്രതിനിധികളുടെയും വ്യാപാരി വ്യവസായ പ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പകുതി സ്ഥാപനങ്ങള്‍ മാത്രമാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ സ്വയംതൊഴില്‍ ചെയ്യുന്ന 3,443 പേരടക്കം 30,554 തൊഴിലാളികളാണ് ക്ഷേമനിധിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയില്‍ 13,294 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹ ധനസഹായമായി 5,000 രൂപ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ്, സംസ്‌കാര ചെലവുകള്‍ക്ക് 5,000 രൂപ, മരണാനന്തര ധനസഹായമായി 20,000 രൂപ, ചികിത്സാ സഹായമായി 10,000 രൂപ എന്നിവ ബോര്‍ഡ് നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
    ക്ഷേമനിധിയുടെ അംശദായം 2007ലെ നിരക്കിലാണ്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അംശദായം ഉയര്‍ത്തണമെന്നും ഇതിന് അനുസൃതമായി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 
    ഹാന്‍വീവ് ചെയര്‍മാന്‍ കെ.പി. സഹദേവന്‍, ബോര്‍ഡ് സി.ഇ.ഒ ബീനമോള്‍ വര്‍ഗീസ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി. ബിജു, ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ എം. പ്രേമന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോ, വിവിധ  വ്യാപാരി  സംഘടനാ, ട്രേഡ് യൂനിയന്‍ നേതാക്കള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date