Skip to main content

പാല്‍ ഗുണനിലവാര ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു   

 പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പും മാലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘവും സംഘടിപ്പിച്ച പാല്‍ ഗുണ നിലവാര ബോധവത്കരണ പരിപാടി മാലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് നാട്ടിലുള്ളതെന്നും പാലിനു ഇന്‍സെന്റീവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെയും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗോമൂത്രവും ചാണകവും ശേഖരിക്കുന്നതിനുവേണ്ടി പദ്ധതി
തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ നടക്കുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായാണ് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡണ്ട് കെ.കെ സനില്‍കുമാര്‍ അധ്യക്ഷനായി. 'ശുദ്ധമായ പാല്‍ ഉല്‍പാദനം' എന്ന വിഷയത്തില്‍ കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ക്വാളിറ്റി കണ്‍ട്രോള്‍ റൂം ഓഫീസറുമായ എന്‍.വി രജീഷ് കുമാറും, 'പാല്‍ പരിശോധനയുടെ
പ്രാധാന്യം' എന്ന വിഷയത്തില്‍ പേരാവൂര്‍ ക്ഷീര വികസന വകുപ്പ് ഓഫീസര്‍ സിനിമോള്‍ പി.വിയും ക്ലാസെടുത്തു. പരിപടിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ റൂം ലാബ് ടെക്നീഷ്യന്‍ സുനില്‍ കുമാര്‍ കെ.പി ഗുണനിലവാര പരിശോധനയുടെ ഡമോണ്‍സ്ട്രേഷന്‍ അവതരിപ്പിച്ചു.
    പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി ഹൈമാവതി, സഹകരണ സംഘം സെക്രട്ടറി കെ ഇന്ദിര, കെ.എസ്.എസ് ഡയറക്ടര്‍ ടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

date