എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ കൊവിഡ് മാർഗരേഖ
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യസ്ഥാപനങ്ങൾക്ക് മാർഗനിർദേശം പുറത്തിറക്കി ജില്ലാ ആരോഗ്യവകുപ്പ്
കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിലെ കോവിഡ് കേസുകളിൽ ഇരട്ടി വർദ്ധന ഉണ്ടായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണ പ്രതിരോധ ചികിസാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും, ആശുപത്രികൾക്കും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി.
ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതാണ്. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ടെലി മെഡിസിൻ സംവിധാനം എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നതാണ്. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകളും താലൂക്ക് ആശുപത്രികളിൽ ട്രയാജ് സംവിധാനത്തോടെ കോവിഡ് ഔട്ട്പേഷ്യന്റ് വിഭാഗവും ആരംഭിക്കും.
താലൂക്ക് ആശുപത്രികളിൽ എത്തുന്ന രോഗികളെ ആവശ്യമെങ്കിൽ അവിടതന്നെ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതാണ്. താലൂക്ക് ആശുപത്രികളിൽ നിന്നും റഫറൽ ആവശ്യമായ രോഗികളെ അമ്പലമുകൾ കോവിഡ് സെന്റെറിലേക്ക് മാറ്റും. അവിടെ ചികിത്സ നൽകുവാൻ സാധിക്കാത്ത രോഗികളെ ഡി.സി.ടി.സി ആലുവ, കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ്, KASP ഉള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെക്ക് മാറ്റുന്നതാണ്. ആന്റിനേറ്റൽ, പീഡിയാട്രിക് കെയറിനുള്ള സംവിധാനം ആലുവ ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്നതാണ്.
അമ്പലമുകളിൽ നിന്നും ഡൗൺ ഷിഫ്റ്റ് ചെയ്യുന്ന രോഗികൾക്കായി വടക്കൻ പറവൂർ, പിറവം, ഫോർട്ടു കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ഡി.സി.സി കളിലേക്ക് മാറ്റും.
ജില്ലാതല കോവിഡ് കൺട്രോൾ റൂം, അമ്പലമുകൾ കോവിഡ് സെന്റെറിനോടനുബദ്ധിച്ച് പ്രവർത്തനമാരംഭിക്കുന്ന ഷിഫ്റ്റിംഗ് കൺട്രോൾ റൂം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
രോഗികൾ നേരിട്ട് കോവിഡ് സെന്റെറിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിനായി പി.എച്ച്.സി തലം മുതൽ സെൻട്രെൽ കൺട്രോൾ റൂം വരെയുള്ള കോ ഓർഡിനേഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്.
പി.എച്ച്.സി/ എഫ്.എച്ച്.സി / സി.എച്ച്.സി തലത്തിൽ നിന്നും താലൂക്ക് തലത്തിലേക്കുള്ള റഫറലുകൾ നോഡൽ ഓഫീസർ മുഖേന നടത്തേണ്ടതും, താലൂക്കിൽ നിന്നും അമ്പലമുകൾ ഹൈസെന്റെറിലേക്കുള്ള റഫറലുകൾ അമ്പലമുകൾ കോവിഡ് കൺട്രോൾ റൂം വഴിയാവും നടത്തുന്നത്.
കോവിഡ് പോസിറ്റീവ് ആകുന്നവർ അതാത് സ്ഥലത്തെ ആരോഗ്യ കേന്ദ്രങ്ങൾ/ ആശുപത്രികളെ വിവരം അറിയിക്കുകയും, വീടുകളിൽ / സ്ഥാപനങ്ങളിൽ ക്യാറന്റെയ്ൻ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് കഴിയേണ്ടതാണ്. പ്രായമായവരും, അനുബദ്ധ രോഗങ്ങളുള്ളവരും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശപ്രകാരം ക്വാറന്റെയ്നിൽ കഴിയേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഫീസുകൾ, ബാങ്കുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ ഉണ്ടാകുന്നുണ്ട്. നിലവിൽ 27 ക്ലസ്റ്ററുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനാൽ സ്ഥാപനങ്ങളിലും മറ്റും രണ്ടോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ ജില്ലാ കൺട്രോൾ റൂമിൽ വിവരം അറിയിക്കേണ്ടതാണ്.
കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് തടയുന്നതിനായി ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് നിർബന്ധമാണ്. കൂട്ടം കൂടി ഭക്ഷണം പങ്കിടുന്നതും വായുസഞ്ചാരമില്ലാത്ത അടഞ്ഞ അന്തരീക്ഷവും ഒഴിവാക്കി രോഗം പടരുന്നത് തടയേണ്ടതാണ്. കോവിഡ് വ്യാപനം അധികരിച്ചു നിൽക്കുന്ന സാഹചര്യത്തിൽ മാളുകളും ഭക്ഷണശാലകളും അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ മാസ്ക് കൃത്യമായി ധരിക്കാതെ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങളും അപകടകരമാണ്. സ്ഥാപനങ്ങളിൽ അന്വേഷണകൗണ്ടറുകൾ,വാതിലിന്റെ ഹാൻഡിലുകൾ, റയിലുകൾ, ലിഫ്റ്റുകൾ, ശുചിമുറികൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങൾ ഇടവിട്ട് അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
രോഗലക്ഷണങ്ങൾ ഉള്ളവരോ സമ്പർക്കത്തിൽ പെട്ടവരോ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങള നുസരിച്ച് വീടുകളിൽ തന്നെ കഴിയേണ്ടതും ടെലികൺസൽട്ടേഷൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതുമാണ്.ഗുരുതരരോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്കും പ്രായമായവർക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കണമെന്നും മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കി റിവേഴ്‌സ് ക്വാറന്റൈൻ ഉറപ്പാക്കേണ്ടതാണ്. ഇവരെ പരിചരിക്കുന്നവരും പ്രത്യേകമുൻകരുതലുകൾ എടുക്കേണ്ടതാണ്.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം, 18/1/2022
- Log in to post comments