Skip to main content

    ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചാകണം   പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്: എസ്.എം.വിജയാനന്ദ് 

 ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് സ്ഥിതിവിവരണ കണക്കിന്റെ അടിസ്ഥാനത്തിലാകണം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടതെന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി(രജതം 2018) യുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
    ജനകീയാസുത്രണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇത്തരത്തിലാകണം പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. സംയോജിത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. നല്ല ഭരണമുണ്ടെങ്കില്‍ വികസനം സ്വഭാവികമായി വരും. ജനകീയാസുത്രണത്തില്‍ ജനപ്രതിനിധികളെ പഠിപ്പിച്ചപോലെ ജനങ്ങളെയും പഠിപ്പിച്ചിരുന്നുവെങ്കില്‍ ഗ്രാമസഭകള്‍ കൂടുതല്‍ ശക്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
    ജനകീയാസുത്രണത്തിന്റെ ഏറ്റവും പ്രധാനപ്രശ്‌നം ഫണ്ടുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വീതിച്ചുപോകുന്നുവെന്നതാണ്. അതുകൊണ്ട് ജനങ്ങള്‍ക്കോ വാര്‍ഡിനോ രാജ്യത്തിനോ പൂര്‍ണ്ണമായ ഗുണം ലഭിക്കുന്നില്ല. ആരോഗ്യം,വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാവണം ഇത്തരം ഫണ്ടുകള്‍ ചിലവഴിക്കപ്പെടേണ്ടത്. ജനങ്ങളോട്് അവരുടെ സമുഹത്തില്‍ ആരോഗ്യമേഖലയില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസമേഖലയില്‍ എന്തുവേണമെന്ന് ചോദിച്ചുകൊണ്ട് ഭൂരിപക്ഷ അഭിപ്രായത്തിന് പ്രാധാന്യം നല്‍കിയാകണം ഇത്തരം ഫണ്ടുകള്‍ ചെലവഴിക്കേണ്ടത്. ബ്രസീല്‍ പോലുളള രാജ്യങ്ങളില്‍ ഇത്തരത്തിലാണ് നടക്കുന്നത്. വര്‍ക്കിംഗ് ഗ്രൂപ്പ് ശാക്തീകരണവും ആവശ്യമാണ്. സംയോജിത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തിക വികസനത്തില്‍ ഒരുപാട് മുന്നേറാനുണ്ട്. കാസര്‍കോടിന് സാധ്യതകളുണ്ട്. അതിനായി എക്കണോമിക് ഡെവലപ്പ്‌മെന്റ് പ്ലാനുണ്ടാക്കണം. ലോക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് പോലെ നടത്താം. നിലവില്‍ കാസര്‍കോട് ജില്ലയിലാണ്  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്. വികേന്ദ്രീകാസുത്രണത്തിന് കാസര്‍കോട് ജില്ല ഉള്‍പ്പെടെയുള്ള ജില്ലകള്‍ നടത്തുന്നത് മെച്ചപ്പെട്ട പ്രവര്‍ത്തനമാണ്.എങ്ങനെ വികസനം ഇവിടെ കൊണ്ടുവരാമെന്ന് എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.         

date