രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് രാഷ്ട്രീയ ജനാധിപത്യത്തെകൂടി ആശ്രയിച്ച്: മന്ത്രി പി.രാജീവ്
73-ാമത് റിപ്പബ്ലിക് ദിനാഘോഷം:
നമ്മുടെ രാജ്യം പരമാധികാര ജനാധിപത്യ രാജ്യമായി തുടരുന്നത് മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ ശക്തമായ അടിത്തറയുടെ പിന്‍ബലത്തിലാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. രാജ്യത്തു ജനാധിപത്യം നിലനില്ക്കുന്നതു രാഷ്ട്രീയ ജനാധിപത്യത്തെകൂടി ആശ്രയിച്ചു കൊണ്ടാണ്ടെന്നും ഭരണഘടനാ ശില്പി അംബേദ്ക്കറുടെ വാക്കുകളെ അനുസ്മരിച്ചു മന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനത്തില്‍ കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ഭരണഘടനയ്ക്ക് അംഗീകാരംതേടി അംബേദ്ക്കര്‍ അവസാനം നടത്തിയ പ്രസംഗത്തില്‍ ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു. മതത്തിന്റെയും ജാതിയുടേയും പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ വിശ്വാസത്തെ രാജ്യത്തിനു മുകളില്‍ സ്ഥാപിക്കുമോ അതോ രാജ്യത്തിന്റെ താല്പര്യങ്ങളെ വിശ്വാസത്തിനുമുകളില് സ്ഥാപിക്കുമോ എന്നതാണ് രാജ്യം അഭിമുഖികരിക്കാന്‍ പോകുന്ന ഒരു ചോദ്യമെന്ന് അംബേദ്ക്കര്‍ ആശങ്കപ്പെട്ടിരുന്നു. വിശ്വാസത്തിനെ രാജ്യത്തിനു മുകളില്‍ സ്ഥാപിക്കുകയാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാകുമെന്ന മുന്നറിയിപ്പും അംബേദ്ക്കര്‍ നല്‍കിയിരുന്നു. രാഷ്ട്രീയത്തില്‍ തുല്യത വരുമ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക മണ്ഡലത്തില്‍ അസമത്വം തുടരുകയാണ്. രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം. എന്നാല്‍ സാമൂഹിക, സാമ്പത്തിക മണ്ഡലത്തില്‍ ഓരോ മനുഷ്യനും തുല്യമായ മൂല്യമില്ല. എത്രകാലം ഈ അസമത്വം തുടരുവാന്‍ കഴിയുമെന്നും അതു നമ്മുടെ ജനാധ്യപത്യത്തിന്റെ അടിത്തറയെ ദുര്‍ബലമാക്കുമെന്ന മുന്നറിയിപ്പും അംബദ്ക്കര്‍ അന്നു നല്‍കിയിരുന്നു. അത്തരം വെല്ലുവിളികളെ നേരിട്ടുകൊണ്ട് മുന്നോട്ടുപോകുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട ചുമലതയെന്നു മന്ത്രി പറഞ്ഞു.
അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയ അസമത്വത്തിന്റെ അളവ് കുറച്ചു കേരളം മുന്നോട്ട് പോകുകയാണെന്നും പരമാവധി ആളുകളെ സമത്വത്തിലേക്കു നയിക്കാന്‍ നമുക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ജനാധിപത്യം നിലനില്ക്കുന്നതു സാമുഹ്യജനാധിപത്യത്തെകൂടി ആശ്രയിച്ചുകൊണ്ടാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണു സാമൂഹ്യജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. സാമൂഹ്യജനാധിപത്യം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാന്‍ നമ്മുക്ക് കഴിയേണ്ടതുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിന്റെ ദൗത്യമാണെന്നും മതനിരപേക്ഷ ഉള്ളടക്കത്തെ കാത്തുസൂക്ഷിക്കാന്‍ നമ്മുക്ക് കഴിയണമെന്നും അതിനെതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലിയിലെ 15 വനിതകളില്‍ കേരളത്തില്‍ നിന്നുള്ള ദാക്ഷായണി വേലായുധന്, അമ്മു സ്വാമിനാഥന്, ആനി മസ്ക്രീന് എന്നിവരുടെ സംഭാവനകളെ നമ്മള് നന്ദിപൂര്‍വം സ്മരിക്കണമെന്നും നമുക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, പി.വി ശ്രീനിജിന്‍, സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജനപ്രതിനിധികള്‍, ഉദ്യോഗസ്്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
ജില്ലയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സെറിമോണിയല്‍ പരേഡ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നടന്നത്. പ്രൊബേഷണറി ഐപിഎസ് ഓഫീസര്‍ തപോഷ് ബസ്മതാരി പരേഡിന് നേതൃത്വം നല്കി. മുഖ്യാതിഥിയായ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്കി.
സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
പരേഡില്‍ അണിനിരന്ന പ്ലറ്റൂണുകള്‍ക്ക് സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.സഞ്ചു, ജോളി വര്‍ഗീസ്, ആനി ശിവ എന്നിവര്‍ നേതൃത്വം നല്കി.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിരുന്നതിനാല്‍ മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരുന്നില്ല. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി ക്ഷണിതാക്കളുടെ എണ്ണം നിജപ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും സ്റ്റേഡിയം കവാടത്തില്‍ തെര്‍മല്‍ സ്്കാനിംഗിന് വിധേയമായി കൈകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
- Log in to post comments