Skip to main content

തീക്കോയിയില്‍ 8.27 കോടി രൂപയുടെ ജലനിധി പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മന്ത്രി കെ.ടി. ജലീല്‍

 

തീക്കോയി ഗ്രാമപഞ്ചായത്തില്‍  8.27 കോടി രൂപയുടെ ജലനിധി രണ്ടാം ഘട്ട പദ്ധതിയ്ക്ക്  തദ്ദേശസ്വയം ഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് ജലനിധി പദ്ധതിയുടെ അടുത്ത ഘട്ടത്തിനായി 3600 കോടി രൂപ ലോക ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിന് നടപടി പൂര്‍ത്തിയായി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വികസന പുരോഗതിയിലേയ്ക്ക് നയിക്കാന്‍ സാദ്ധ്യമാകുന്നിടത്തു നിന്നെല്ലാം ഫണ്ട് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഭാവനാ  സമ്പന്നരായ ജനപ്രതിധികള്‍ നല്കുന്ന വികസന പുരോഗതിയാണ് നാടിന്റെ നേട്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിപക്ഷമില്ല. എല്ലാവരും അംഗങ്ങളായ ഭരണസമിതിയാണുള്ളത്. അത്തരം ഒത്തൊരുമ തീക്കോയി പഞ്ചായത്തിനു നല്‍കിയ  വികസന നേട്ടം ശ്രദ്ധേയമാണ്. - അദ്ദേഹം പറഞ്ഞു.

  ഐഎസ് ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റും  പഞ്ചായത്ത് പ്രസിഡന്റിനു നല്കി മന്ത്രി നിര്‍വഹിച്ചു.

പി.സി.ജോര്‍ജ് എം എല്‍എ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ വീടുകളുടെ  താക്കോല്‍ കൈമാറ്റവും എം.എല്‍. എ നിര്‍വഹിച്ചു. തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി, ജില്ല പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, ജലനിധി  റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ കെ. ജെ. ടോമി,  ഫാ. ജോസഫ് കിഴക്കേക്കര, തീക്കോയി പഞ്ചായത്ത് സെക്രട്ടറി പി.ജെ. ജോസ് കുഞ്ഞ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date