പി.എസ്.സി ജില്ലാതല പരീക്ഷകളുടെ ഇന്റര്‍വ്യു ജില്ലയില്‍ തന്നെ നടത്തണം: ജില്ലാ വികസന സമിതി
ജില്ലാതലത്തില്‍ പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകളുടെ ഇന്റര്‍വ്യു ജില്ലാ ആസ്ഥാനത്ത് തന്നെ നടത്തുന്നതിന് സാധ്യത പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നേരത്തെ ഇപ്രകാരം നടത്തുന്ന പതിവ് മാറ്റിയിരിക്കെയാണെന്നും ഇത് പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് അവതരിപ്പിച്ച പ്രമേയത്തെ വികസന സമിതി ഏകകണ്ഠമായി പിന്തുണയ്ക്കുകയായിരുന്നു. നെല്ലിക്കുന്ന്-കസബ പഴയപാലം പൊളിച്ചുമാറ്റാത്തതിനാല്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണെും ഇത് എത്രയും വേഗം പൊളിച്ചുമാറ്റാനുള്ള നടപടി വേണമെന്നുമുള്ള എല്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ ആവശ്യം സംബന്ധിച്ച് അടിയന്തര നടപടികൈക്കൊള്ളാന്‍ ഹാര്‍ബര്‍ എജിനീയറിങ് വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. 2014-15 ല്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തികരിച്ച ഈ താത്കാലിക പാലം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. സമാന്തരമായി പുതിയ പാലം വന്നതിനാല്‍ പാലം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് അടിയന്തരമായി പിഡബ്ള്യുയുടെ റോഡുകളും പാലങ്ങളും വിഭാഗത്തിന് ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടത്.
ജില്ലയില്‍ ദേശീയപാത, പൊതുമരാമത്ത് വകുപ്പ് തദ്ദേശസ്വയം ഭരണസ്ഥാപനം എന്നിവയുടെ പൊതു സ്ഥലം സ്വകാര്യവ്യക്തികള്‍ കയ്യേറിയത് ഒരാഴ്ചക്കകം ഒഴിപ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ദേശീയപാത, റോഡ് വിഭാഗം എക്സി.എഞ്ചിനീയര്‍, ഡിഡിപി, കാഞ്ഞങ്ങാട്, കാസറകോട്, നീലേശ്വരം നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ പൊതു സ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും സുഗമമായ ട്രാഫികിന് തടസ്സമുണ്ടാകുംവിധമുള്ള ഫ്ളക്സുകളും പരസ്യബോര്‍ഡുകളും അടിയന്തരമായി നീക്കാനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്കി.
ജില്ലയിലെ ദേശീയപാതയിലും മറ്റിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ആര്‍ടിഒയ്ക്കും ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കാസര്‍കോട് പാക്കേജില്‍ ഇരുപത് കോടി രൂപ മുടക്കി ഇലക്ട്രിക് ലൈന്‍ വലിച്ചതിന്റെ പ്രയോജനമില്ലായ്മ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് കെ.എസ്.്ഇ.ബി ഡെ.ചീഫ് എഞ്ചിനീയര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലയിലെ വിവിധ വകുപ്പുകളുടെ 2018 മെയ്മാസം വരെയുള്ള പദ്ധതി പുരോഗതിയും യോഗം അവലോകനം ചെയ്തു.
ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം. സുരേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പഞ്ചായത്ത് ഡെപ്യുട്ടി ഡയരക്ടര്‍ എന്‍. പ്രദീപ്കുമാറിനും, സ്ഥലം മാറിപോകുന്ന ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം സുരേഷ്, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ബേബി.വി.എ എന്നിവര്‍ക്കും യോഗം യാത്രയയപ്പ് നല്കി.
- Log in to post comments