Skip to main content

കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യം: മന്ത്രി കെ. എൻ. ബാലഗോപാൽ

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഏറെ പ്രതികൂലമാകുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ സുസ്ഥിരതയ്ക്ക് ഇത് അനുപേക്ഷണീയമാണ്.  ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്) കാസർഗോഡ്  കേന്ദ്ര സർവകലാശാല ഇക്കണോമിക്‌സ് വിഭാഗവും ചങ്ങനാശേരി എസ്. ബി കോളേജ് ഇക്കണോമിക്‌സ് വിഭാഗവും  സംയുക്തമായി സാമ്പത്തിക സർവെ, യൂണിയൻ ബജറ്റ് എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക്   നൽകാനുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശിക  അടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  ജി എസ് ടി നഷ്ടപരിഹാരയിനത്തിൽ മാത്രം  12,000 കോടിയോളം രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ഈ വർഷം ജൂണിൽ നഷ്ടപരിഹാരത്തിനായുള്ള സമയപരിധി അവസാനിക്കുകയാണ്. എന്നാൽ സംസ്ഥാനങ്ങളുടെ ധനകാര്യ രംഗത്തെ ഏറ്റവും നിർണ്ണായകമായി സ്വാധീനിക്കുന്ന ഇത്തരം  വിഷയങ്ങളിൽ കേന്ദ്ര ബജറ്റ് കുറ്റകരമായ മൗനം അവലംബിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം പല വിധത്തിൽ കുറയുമ്പോഴും ചെലവുകൾ കുത്തനെ ഉയരുകയാണ്. ആരോഗ്യ രംഗം  അടക്കമുള്ള സംസ്ഥാന വിഷയങ്ങളിൽ ഇത് ഉളവാക്കുന്ന പ്രതിസന്ധി ഗുരുതരമാണ്. കോവിഡ് വാക്‌സിനേഷന് വേണ്ടി  കഴിഞ്ഞ ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയപ്പോൾ ഇത്തവണ അത് 5000 കോടി മാത്രമാണ്. പലയിടത്തും രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാകാത്ത സാഹചര്യത്തിലും ബൂസ്റ്റർ ഡോസ് അനിവാര്യമായതിനാലും ഈ തുക  അപര്യാപ്തമാണ്. ഇതിനുള്ള അധിക ചെലവ് സംസ്ഥാനങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ കടമെടുക്കുന്നതിനുള്ള പരിധി 4.5 ശതമാനമായി ഉയർത്തിയിട്ടുണ്ടെങ്കിലും ഇതിനുള്ള കർക്കശ നിബന്ധനകൾ കാരണം പ്രയോജനം ലഭിക്കാതെ പോകുന്നു. ഇതിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്ന യൂണിയൻ ബജറ്റ് പകരം,  സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ ദീർഘകാലാടിസ്ഥാനത്തിൽ വായ്പ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന് ഇത് വഴി 2000 കോടി രൂപ വരെ  ലഭിച്ചേക്കാം. എന്നാൽ സംസ്ഥാന ചെലവുകൾ വലിയ തോതിൽ ഉയരുമ്പോൾ സംസ്ഥാനങ്ങളെ സഹായിക്കുന്ന സമീപനമല്ല കേന്ദ്രത്തിനുള്ളത്. ഇത് രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുന്നുണ്ടെന്ന്  മന്ത്രി പറഞ്ഞു.
ധനകമ്മി നികത്തുന്നതിനുള്ള ഗ്രാന്റുകൾ അടക്കമുള്ള കേന്ദ്ര വിഹിതങ്ങൾ കേരളത്തിന് അടുത്തകാലത്തായി വലിയ അളവിൽ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രധനകാര്യ കമ്മീഷനുകളുടെ അവാർഡുകളിൽ കേരളത്തിന് വിഹിതം കുറഞ്ഞു വരികയാണ്.
അതിസമ്പന്നർക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുക എന്നതടക്കം പ്രത്യക്ഷ നികുതി വരുമാനം ഉയരുന്നതിനുള്ള ഒരു നിർദേശവും പുതിയ ബജറ്റിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പകരം പരോക്ഷ നികുതി വഴി വരുമാനം ഉയർത്തുന്നതിനാണ് കേന്ദ്രം ഊന്നൽ നൽകുന്നത്. ഇതുവഴി വർധിക്കുന്ന വരുമാനത്തിന്റെ അർഹമായ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാതിരിക്കാൻ കേന്ദ്രം  ബോധപൂർവം ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു. വരുമാനം സംസ്ഥാനങ്ങളുമായി പങ്ക് വയ്‌ക്കേണ്ടതില്ലാത്ത സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി, സർചാർജ്, സെസ് തുടങ്ങിയവ വർധിപ്പിക്കുന്നത് വഴി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിൽ പ്രതിസന്ധി ഉണ്ടാകുന്നു. ഈ നയത്തിൽ തിരുത്തൽ വരേണ്ടത് രാജ്യത്തിന്റെ ഫെഡറൽ ഘടന സംരക്ഷിക്കുന്നതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സെഷനിൽ ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി ആർ. കെ. സിംഗ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സർവകലാശാല ഇക്കണോമിക്‌സ് വിഭാഗം മേധാവി പ്രഫസർ കെ. സി. ബിജു സംസാരിച്ചു. തുടർന്ന് നാലു സെഷനുകളിലായി നടന്ന വെബിനാറിൽ നിരവധി സാമ്പത്തിക വിദഗ്ദ്ധർ പ്രഭാഷണം നടത്തി.
പി.എൻ.എക്സ്. 601/2022

date