Skip to main content

വിവരാവകാശ നിയമം: ഉദ്യോഗസ്ഥർക്ക് അലംഭാവമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ

സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആഘോഷിച്ചു

 

ആലപ്പുഴ:ജില്ലയിൽ എക്കോണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂൺ 29)ന് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആഘോഷിച്ചു. ഈ വർഷത്തെ പ്രതിപാദ്യവിഷയമായ  'ക്വാളിറ്റി അഷുറൻസ് ഇൻ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്‌സ്' എന്ന വിഷയത്തിൽ പി.സി മഹലനോബിസ് സ്മരണാർത്ഥം സെമിനാർ നടന്നു. ഡപ്യൂട്ടി ഡയറക്ടർ എസ്. ലീലാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ  റിസർച്ച് ഓഫീസർ ആർ വിനയകുമാർ വിഷയമവതരിപ്പിച്ചു. ചർച്ചയിൽ കെ.ജി. പാർത്ഥസാരഥി, സി.എസ്. സുരേഷ്‌കുമാർ, പി.സേതുനാഥ് എന്നിവർ പങ്കെടുത്തു. പി.സി മഹലനോബിസിനക്കുറിച്ചെഴുതിയ കവിത എ.ജെ.സേവ്യർ ആലപിച്ചു.  ക്വിസ് മത്സരത്തിൽ ആർ. അനിൽകുമാർ ചോദ്യകർത്താവായി. 

 

(പി.എൻ.എ. 1505/2018)

 

ഐ ടി ഐ പ്രവേശനം :

ഓൺലൈൻ അപേക്ഷ തീയതി നീട്ടി

 

  ആലപ്പുഴ: പുറക്കാട് ഗവ.ഐ.ടി.ഐയിൽ എൻ.സി.വി. റ്റി മെട്രിക് ട്രേഡുകളിലേയ്ക്ക് (വെൽഡർ, ഇന്റീരിയർ ഡക്കറേഷൻ ആന്റ് ഡിസൈനിങ്) 2018 ഓഗസ്റ്റ് അഡ്മിഷന് ഓൺലൈൻമുഖാന്തിരം അപേക്ഷ ക്ഷണിച്ചിരുന്നത് ജൂലൈ രണ്ടു വരെയും പരിശോധനതീയതി ജൂലൈ അഞ്ചു വരെയും നീട്ടി.  www.itiadmissionskerala.ORG എന്ന വെബ്‌സൈറ്റിൽ അക്ഷയ സെന്റർ മുഖേനയോ കമ്പ്യൂട്ടർ സെന്ററിലൂടെയോ ഓൺലൈൻ അപേക്ഷകൾ നൽകാം. ഓൺലൈനായി അപേക്ഷസമർപ്പിച്ചശേഷം ആയതിന്റെ പ്രിന്റും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർകാർഡ്, അപേക്ഷിക്കുന്ന ട്രേഡിനുള്ള അടിസ്ഥാനയോഗ്യതനേടിയ സർട്ടിഫിക്കറ്റ്, മാർക്ക്‌ലിസ്റ്റ്, ഗ്രേസ്മാർക്ക് ലഭിക്കുന്നതിനുള്ള യോഗ്യത സർട്ടിഫിക്കറ്റ് സഹിതം സമീപത്തുളള ഗവ.ഐ.ടി.ഐ യിൽ ജൂലൈ അഞ്ചിനകം വൈകിട്ട് അഞ്ചിനകം സമർപ്പിച്ച് പരിശോധനക്ക് വിധേയമാക്കി ഫീസ് ഒടുക്കണം. 

 അപേക്ഷ ഫീസ് ഓരോ ട്രേഡ് കാറ്റഗറിയ്ക്കും 55 രൂപ വീതം നിശ്ചിത സമയപരിധിക്കകം  ഏതെങ്കിലും ഒരു ഗവ.ഐ.ടി.ഐയിൽ സമർപ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങാത്ത അപേക്ഷകൾ അസാധുവാകും. അപേക്ഷിക്കുമ്പോൾ എസ്.എം.എസ് ആയി ലഭിക്കുന്ന യൂസർ ഐ.ഡി പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് തിരുത്തലുകൾ വരുത്താം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുളള അന്തിമ സമയപരിധിവരെ അതിനുളള അവസരം ലഭിക്കുന്നതായിരിക്കും. ഫോൺ:  0477-2298118.

                                             

(പി.എൻ.എ. 1506/2018)

 

ഗതാഗതം നിരോധിച്ചു

 

ആലപ്പുഴ: കലവൂർ ലപ്രസി ജങ്ഷൻ മുതൽ മാരാരിക്കുളം മാർക്കറ്റിനു പടിഞ്ഞാറെ ജങ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തങ്ങൾ നടക്കുന്നതിനാൽ നാളെ (ജൂലൈ രണ്ട്) മുതൽ ഈ റോഡിലൂടെ വാഹനഗതാഗതം ഒരു മാസത്തേക്ക് താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

 

(പി.എൻ.എ. 1507/2018)

 

ഭരണ പരിഷ്‌ക്കാര കമ്മീഷൻ യോഗം ജൂലൈ 17ന്

 

ആലപ്പുഴ: ഭരണ പരിഷ്‌ക്കാര കമ്മീഷൻ യോഗം ജൂലൈ 17ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. പൗരകേന്ദ്രീകൃത സേവനങ്ങൾ എന്ന വിഷയത്തിൽ ഭരണപരിഷ്‌കാര കമ്മീഷൻ പൊതുജനങ്ങളിൽ നിന്ന് വാദം കേൾക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തന രീതി, ലഭിക്കുന്ന സേവനങ്ങൾ സംബന്ധിച്ചും കാര്യക്ഷമത സംബന്ധിച്ചുമുള്ള അഭിപ്രായം, പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ, പരാതി പരിഹാരസംവിധാനങ്ങൾ വിവരവകാശനിയമത്തിന്റെയും സേവനാവകാശ നിയമത്തിന്റെയും പലപ്രാപ്തി, ഇ-ഗവൺസിന്റെ സാധ്യതകൾ തുടങ്ങിയവ സംബന്ധിച്ച്  പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്ന്  ജില്ല കളക്ടർ അറിയിച്ചു.

 

(പി.എൻ.എ. 1508/2018)

 

വാഹനം വാടകയ്ക്ക്

 

ആലപ്പുഴ: മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിന് ജീപ്പ്,കാർ എന്നിവ വാടകയ്ക്കു നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു.  ജൂലൈ ആറിന്  ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരത്തിന് കുട്ടനാട് മിനി സിവിൽ സ്റ്റേഷൻ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8848968758, 9037916769.

 

(പി.എൻ.എ. 1509/2018)

 

വനിത കമ്മീഷൻ മെഗ അദാലത്ത്

 

ആലപ്പുഴ: കേരള വനിത കമ്മീഷന്റെ ആലപ്പുഴ ജില്ലയിലെ മെഗ അദാലത്ത് ജൂലൈ 18, 21  തീയതികളിൽ  രാവിലെ 10.30 ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും.

 

(പി.എൻ.എ. 1510/2018)

 

ജലയാനങ്ങൾ:  പോർട്ട് ഓഫ് രജിസ്ട്രിയിൽ

രജിസ്‌ട്രേഷൻ  നടത്തണം

 

ആലപ്പുഴ: ജലയാനങ്ങൾ പോർട്ട് ഓഫ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യണം. സി.ഐ.ബി രജിസ്‌ട്രേഷൻ ഉള്ളതും എന്നാൽ കെ.ഐ.വി. രജിസ്‌ട്രേഷനുവേണ്ടി അതത് പോർട്ട് ഓഫ് രജിസ്ട്രികളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവയ്ക്കു അപേക്ഷിക്കാം. തുറമുഖ വകുപ്പിൽ നിന്നും താൽക്കാലിക രജിസ്‌ട്രേഷൻ കരസ്ഥമാക്കുകയും കെ.ഐ.വി. പെർമനന്റ് രജിസ്‌ട്രേഷൻ കിട്ടാത്തതുമായവ, 2012,2015 എന്നീ വർഷങ്ങളിൽ അദാലത്തിൽ പങ്കെടുക്കുകയും കെ.ഐ.വി. രജിസ്‌ട്രേഷൻ വാങ്ങുകയും സുരക്ഷ മാനദണ്ഡങ്ങൾ/നിർദ്ദേശങ്ങൾ പൂർത്തിയാക്കാതെ പ്രവർത്തിക്കുന്നവ, തുറമുഖ വകുപ്പിൽ നിന്നും അനുമതി വാങ്ങുകയും സർവ്വേ/ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യാത്തവ, വകുപ്പിൽ നിന്നും ഫോറം നമ്പർ ഒന്നിൽ അപേക്ഷ സമർപ്പിച്ച് വകുപ്പിന്റെ അനുമി ലഭിക്കാതെ പണിതീർത്തവ, അനുമതിയില്ലാതെ ഘടനയിൽ മാറ്റം വരുത്തിയവ, യാതൊരു അനുമതിയും കൂടാതെ നിർമ്മിച്ചതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായവ എന്നീ ജലയാനങ്ങളുടെ ഉടമസ്ഥർ ആധാർ കാർഡും ജലയാനത്തിന്റെ എല്ലാ രേഖകളും ഫോട്ടോയും ഉൾപ്പെടെ ജൂലൈ 30നകം പോർട്ട് ഓഫ് രജിസ്ട്രിയിൽ  നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 0477- 2253213.

 

(പി.എൻ.എ. 1511/2018)

 

നെഹ്‌റു ട്രോഫി ജലമേള: ഇക്കുറി

ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകൾ

 

ആലപ്പുഴ: ഓഗസ്റ്റ് 11ന് നടക്കുന്ന നെഹ്‌റു ട്രോഫി ജലമേളയുടെ ടിക്കറ്റുകളുടെ അനധികൃത വിൽപന തടയുന്നതിനായി  സി.ഡിറ്റ് രൂപ കൽപന ചെയ്ത പ്രത്യേക ഹോളോഗ്രാം മുദ്ര പതിപ്പിച്ച  ടിക്കറ്റുകൾ വിൽപ്പനയ്ക്ക് തയ്യാറാക്കി. ജൂലൈ ആദ്യവാരം മുതൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോളോഗ്രാം മുദ്ര പതിപ്പിച്ച  ടിക്കറ്റുകൾ  നോക്കി വാങ്ങുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് എൻ.ടി.ബി.ആർ.സെക്രട്ടറി കൂടിയായ സബ്കളക്ടർ അറിയിച്ചു.

 

(പി.എൻ.എ. 1512/2018)

 

ജില്ലയിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷൻ

ഇന്ന് നാടിന് സമർപ്പിക്കും

 

ആലപ്പുഴ:  ജില്ലയിലെ ആദ്യ മോഡൽ പോലീസ് സ്റ്റേഷനായി പുന്നപ്ര പോലീസ് സ്റ്റേഷനെ ഇന്ന് (ഞായർ) പ്രഖ്യാപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കുട്ടികളെ പോലീസുമായി സൗഹൃദത്തിലാക്കുന്ന ചൈൽഡ് ഫ്രണ്ട്‌ലീ പോലീസ് സംവിധാനം,സ്ത്രീകളുടെ സംരക്ഷണത്തിനായി വനിത ഹെൽപ് ഡെസ്‌ക്, വയോജനങ്ങൾക്കായി സീനിയർ സിറ്റിസൺ ഹെൽപ് ഡസ്‌ക് ,കുടുംബപ്രശ്‌നങ്ങൾ, കൗമാര പ്രശ്നങ്ങൾ, മദ്യം, മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രശ്‌നപരിഹാരത്തിനായി കൗൺസിലിംഗ് സംവിധാനം,വികലാംഗ സൗഹൃദമായ റാമ്പുകൾ, ശൗചാലയം, പോലീസ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ പബ്ലിക് റിലേഷൻ ഓഫീസറുടെ സേവനം തുടങ്ങിയ സൗകര്യങ്ങൾ പോലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ കൊച്ചി റേഞ്ച് ഐ ജി വിജയ് സാക്കറെ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രൻ  സ്വാഗതം പറയും.

 

(പി.എൻ.എ. 1513/2018)

 

  ആലപ്പുഴ:  വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങൾ കൃത്യസമയത്ത് അപേക്ഷകർക്ക് നൽകുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി സുധാകരൻ. പലപ്പോഴും ഉദ്യോഗസ്ഥർ കമ്മീഷനോട് ധിക്കാരപരമായി പെരുമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴ കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരാതി പരിഹാരത്തിനായി രണ്ട് തവണയിൽ കൂടുതൽ ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിൽ കമ്മീഷന് സമൻസ് അയക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  14 കേസുകളാണ് കമ്മീഷന് മുന്നിലെത്തിയത്. ആലപ്പുഴ മുനിസിപ്പൽ എൻജിനീയർ, ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ്  ഹാജരാകാതിരുന്നത്. ഇത് ധിക്കാരപരമായ നടപടിയാണെന്നും ഇരുവരോടും വിശദീകരണം തേടുമെന്നും കമ്മീഷൻ പറഞ്ഞു. വിവരാവകാശ നിയമത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

(പി.എൻ.എ. 1514/2018)

 

date