കിഡ്സ് സേഫ് പദ്ധതി സംസ്ഥാന വ്യാപകമാക്കും:ലോക്നാഥ് ബെഹ്റ
പുന്നപ്ര: സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കിയ സ്കൂൾ വിദ്യാർഥികൾക്കായുള്ള സമ്പൂർണ സുരക്ഷ നീരീക്ഷണ പദ്ധതിയായ കിഡ് സേഫ് പദ്ധതി സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പുന്നപ്ര അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കിഡ്സേഫ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളിലേക്കു പോകുന്ന കുട്ടികളെ നിരീക്ഷിക്കാനാണ് ജില്ല പോലീസിന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സമ്പൂർണ സുരക്ഷ നീരീക്ഷണ പദ്ധതി ആരംഭിച്ചത്.
സ്കൂളിൽ പോകാതെ കറങ്ങിനടന്ന് മദ്യവും മയക്കുമരുന്നും പോലെയുള്ള ലഹരിവസ്തുക്കൾക്ക് അടിമപ്പെടുകയും ചതിക്കുഴികളിൽ വീഴുകയും ചെയ്യുന്ന വിദ്യാർഥികളെ നിയന്ത്രിക്കാനാണ് സേഫ് പദ്ധതിയെന്ന് ജില്ല പോലീസ് മേധാവി എസ്.സുരേന്ദ്രൻ പറഞ്ഞു. ഇത്തരത്തിലുള്ള പരാതികൾ ആലപ്പുഴ ജില്ലയിൽ വർധിച്ചു വരികയാണ്. ഇതിനൊരു പരിഹാരമാകാനാണ് ആലപ്പുഴയിൽ മാതൃക പദ്ധതി നടപ്പാക്കിയതെന്നും എസ്.പി പറഞ്ഞു.
ജില്ലയിലെ എല്ലാ സർക്കാർ-സി.ബി.എസ്.ഇ സ്കൂളുകളിലേയും വിദ്യാർഥികളുടെ ഹാജർ ബുക്ക് ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന രീതിയിലാണ് പദ്ധതി പ്രവർത്തനമാരംഭിക്കുക.
ചടങ്ങിൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി ചെയർമാൻ കെ.റ്റി.മാത്യു, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.ലതിക, ജില്ല പട്ടികജാതി ഓഫീസർ ശാന്തമണി, ജില്ല വിദ്യാഭ്യാസ ഓഫീസർ വി.ആർ.ഷൈല, പുന്നപ്ര എം.ആർ.എസ്.സൂപ്രണ്ട് ബിജു സുന്ദർ, പ്രിൻസിപ്പൽ ബിന്ദു നടേശൻ, പ്രധാനാധ്യാപിക സുജാത, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എ. നസിം എന്നിവർ പങ്കെടുത്തു.
തുടർന്ന് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ ചീരവിത്തെറിഞ്ഞ് ലോക്നാഥ് ബെഹ്റ നിർവഹിച്ചു.
(പി.എൻ.എ. 1526/2018)
- Log in to post comments