Skip to main content

ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ അറുപതു രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും : മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കൊച്ചിയില്‍ സെപ്റ്റംബറില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ അറുപതു രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി, ആയുഷ് വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സോണല്‍തല എല്‍.എസ്.ജി ലീഡേഴ്‌സ് മീറ്റ് ശില്‍പശാല ഗവ.ആയുര്‍വേദ കോളജ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ ആദ്യമായാണ് ആയുഷ് കോണ്‍ക്ലേവ് നടത്തുന്നത്.  ആയിരം പ്രതിനിധികളെയാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും 23 രാജ്യങ്ങളില്‍നിന്നായി മൂവായിരം പേര്‍ ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള പാരമ്പര്യ അറിവുകളെ ഇവിടെ പരിചയപ്പെടുന്നതിനൊപ്പം നമ്മുടെ അറിവുകള്‍ അവര്‍ക്ക് നല്‍കുന്നതിനുമാണ് കോണ്‍ക്ലേവ് ലക്ഷ്യം വെയ്ക്കുന്നത്. ആയുര്‍വേദം, യുനാനി, സിദ്ധ ചികിത്സകളെ പ്രോല്‍സാഹിപ്പിക്കാനുള്ള സജീവ ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
കേരളത്തിന്റെ പാരമ്പര്യസ്വത്തായ ആയുര്‍വേദത്തെ ചികില്‍സ എന്നതിനപ്പുറം ടൂറിസവുമായി ചേര്‍ത്ത് വ്യാവസായികമായി മാറ്റാന്‍ കഴുന്നത് എങ്ങനെയാണെന്നും ചര്‍ച്ച ചെയ്യും. ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി സ്ഥലമെടുത്തു കഴിഞ്ഞു. ഇപ്പോള്‍ സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്. പല വൈറസുകളെയും നശിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്താന്‍ കഴിയുന്ന തരത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
     ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.സി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ,  ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ.ജമുന,  ഭാരതീയ ചികില്‍സാ വകുപ്പ് ഡയറക്ടര്‍ ഡോ.അനിതാ ജേക്കബ് എന്നിവര്‍ ആശംസ നേര്‍ന്നു. ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സുഭാഷ് സ്വാഗതവും എല്‍.എസ്.ജി ലീഡേഴ്‌സ് മീറ്റ് കണ്‍വീനര്‍ ഡോ.ലീനാ റാണി നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.2716/18

date