തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ ബുധനാഴ്ച മുതല്‍ പേര് ചേര്‍ക്കാം
എറണാകുളം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. ബുധനാഴ്ച (ഫെബ്രുവരി 16) മുതല്‍ മാര്‍ച്ച് 3 വരെ പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാം. ഇതിനായി കരട് വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും മാര്‍ച്ച് 3 ന് വൈകീട്ട് 5 വരെ സ്വീകരിക്കും.
ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത്(62-ാം ഡിവിഷന്‍), തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവില്‍(44-ാം ഡിവിഷന്‍), ഇളമനത്തോപ്പ്(11-ാം ഡിവിഷന്‍), കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി(11-ാം വാര്‍ഡ്), വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍(6-ാം വാര്‍ഡ്), നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍(17-ാം വാര്‍ഡ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ബിന്ദുവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി വേണം നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നിശ്ചിത ഫാറത്തില്‍ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്കു നേരിട്ടോ തപാലിലൂടെയോ നല്‍കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ്‌സൈറ്റിലും അവ പരിശോധനയ്ക്കു ലഭ്യമാണ്.
- Log in to post comments