മാധ്യമ ജീവനക്കാരനാകാനല്ല മാധ്യമ പ്രവര്‍ത്തകര്‍ ആകാന്‍ ശ്രമിക്കണം : കെ. മോഹനന്‍
സ്വദേശാഭിമാനിക്കും കേസരിക്കും ഒപ്പം ചേര്‍ക്കാവുന്ന പേരാണ് പത്രം ഉടമകൂടിയായ വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടേതെന്ന് എന്ന് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗവുമായ കെ. മോഹനന്‍ പറഞ്ഞു.
സ്വന്തം സ്ഥാപനം നടത്തുന്നത് ലാഭത്തിന് അല്ലെന്നും നാളെത്തെ നന്മക്കുവേണ്ടിയാണെന്നും വിശ്വസിച്ച വക്കം മൗലവി രാമകൃഷ്ണപിള്ളയ്ക്ക് ഒപ്പം നിന്നു. മുതലാളിത്ത കാലത്ത് ഏത് ചന്തയിലും വില്‍ക്കാനുള്ള ചരക്കായി വാര്‍ത്തകള്‍ മാറി. ഒരേ സമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിന്നുകൊണ്ട് പറയുന്ന നിഷ്പക്ഷതയും ജനാധിപത്യവും വലിയ കാപട്യവും അപകടവുമാണ്. മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ ജീവനക്കാരനാവാനല്ല മാധ്യമ പ്രവര്‍ത്തകര്‍ ആവാന്‍ ശ്രമിക്കുക. പത്രപ്രവര്‍ത്തകനെക്കാള്‍ രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിച്ച എനിക്ക് മാധ്യമപ്രവര്‍ത്തനം പ്രൊഫഷന്‍ അല്ലായിരുന്നു. അടിയന്തരാവസ്ഥയുടേയും മറ്റും കാലത്ത് ഏറെ പൊരുതിയാണ് മാധ്യമ പ്രവര്‍ത്തനം നടത്തിയത്. പുതിയ തലമുറയോട് എന്ത് പറയുമെന്നത് ആറ് കോടി മുതല്‍ അറുന്നൂറ് കോടി വരെ കൊടുക്കുന്ന പെയ്ഡ് മാധ്യമ പ്രവര്‍ത്തനകാലത്ത് വിഷമകരമാണ്. ഈ കാലഘട്ടത്തില്‍ ധാര്‍മികതയുടെ പക്ഷത്ത് നിന്ന് അതിജീവിക്കാന്‍ ശ്രമിക്കണം. അപകടകരമായ ഭാവിയിലേയ്ക്കാണ് നാം നീങ്ങുന്നത്. ഇവിടെ ഞാനൊക്കെ അസ്തമയത്തോടടുക്കാറായി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*പുതു തലമുറയ്ക്ക് പത്രപ്രവര്‍ത്തന പാഠങ്ങള്‍ നല്‍കി മുഖാമുഖം*
സ്വദേശാഭിമാനി - കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ എന്നിവയുടെ വിതരണത്തോടനുബന്ധിച്ച് അവാര്‍ഡ് ജേതാക്കളുമായി മാധ്യമ വിദ്യാര്‍ത്ഥികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി.
മാധ്യമ ലോകത്തെ സമുന്നത പുരസ്‌കാരം ലഭിച്ച കെ. മോഹനനും, മറ്റ് മാധ്യമ അവാര്‍ഡ് ജേതാക്കളും മാധ്യമ രംഗത്തെ വ്യത്യസ്ത മേഖലകളിലെ തങ്ങളുടെ അനുഭവവും പരിചയവും പങ്കുവെച്ചത് പുതുതലമുറയ്ക്ക് പ്രചോദനമായി.
മാധ്യമങ്ങളുടെ സ്വയം പ്രഖ്യാപിത സെന്‍സര്‍ഷിപ്പും, പത്രവായനയിലെ വളര്‍ച്ചയും തളര്‍ച്ചയും, രാഷ്ടീയ സമ്മര്‍ദ്ദം സംബന്ധിച്ചും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് പുരസ്‌കാര ജേതാക്കള്‍ മറുപടി നല്‍കി.
ഒരു മാധ്യമ പ്രവര്‍ത്തകന് വേണ്ട സാമര്‍ഥ്യത്തെക്കുറിച്ചും വിദ്യാര്‍ഥികളോട് ടി.വി, പത്ര രംഗത്തെ തങ്ങളുടെ അനുഭവങ്ങള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി ജേതാക്കള്‍ വിശദീകരിച്ചു .
നിഷ്പക്ഷതയ്ക്ക് അപ്പുറം ന്യായമായി വാര്‍ത്തകള്‍ നല്‍കേണ്ട ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെട്ടു.
രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതിന്റെയും നല്ല ഉത്തരങ്ങള്‍ നേടിയെടുക്കേണ്ടതിന്റെയും പ്രസക്തി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പുരസ്‌കാര ജേതാക്കള്‍ വിശദീകരിച്ചു.
കെ. മോഹനനെപ്പോലെ അരനൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ളവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ പുതുതലമുറ ശ്രദ്ധ കാട്ടി. റിപ്പോര്‍ട്ടിംഗിലും അഭിമുഖത്തിലും പത്രപ്രവര്‍ത്തകന്‍ നന്നായി ഗൃഹപാഠം ചെയ്യേണ്ടത് ആവശ്യമാണെന്ന് പുരസ്‌കാര ജേതാക്കള്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
കെ.മോഹനന്‍, പി.ആര്‍.സുനില്‍, എം.വി വസന്ത്, എസ്.വി. രാജേഷ്, ജയ്‌സണ്‍ മണിയങ്ങാട്, ശ്രീജിത്ത് കണ്ടോത്ത്, എസ്.ശരത്, മനു ഷെല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം മോഡറേറ്ററായിരുന്നു
പി.എന്‍.എക്‌സ്.2722/18
- Log in to post comments