Skip to main content

തെരുവോര കച്ചവടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

 

തെരുവോരത്ത് വിവിധ തരത്തിലുള്ള  കച്ചവടം നടത്തുന്നവരുടെ  അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോട്ടയം നഗരത്തിലെ തെരുവു കച്ചവടക്കാര്‍ക്കു നഗരസഭ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെ ഉപജീവനത്തിനായി വഴിയോരത്ത്  കച്ചവടം നടത്തുന്നവരെ  മുഖ്യ ധാരയിലേക്കെത്തിക്കണം. സമൂഹം ഇവരെ അംഗീകരിച്ചുവെന്നതിന്റെ തുടക്കമാണ്  നഗരസഭ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് . കച്ചവടത്തിനായി വായ്പാ സഹായം ഉള്‍പ്പെടെയുള്ളവ ഇവര്‍ക്ക്  ലഭിക്കുന്നതിനുള്ള നടപടികള്‍ വേണം .  തിരിച്ചറിയല്‍ രേഖ ലഭ്യമാകുന്നതോടെ കച്ചവടക്കാര്‍ക്ക് സ്ഥിരമായി ഒരു ഇരിപ്പിടം നഗരസഭ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 240 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കാര്‍ഡിനായി 439 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാര്‍ഡ് നല്‍കും.

കുടുംബശ്രീയുടെ സഹായത്തോടെ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം വഴിയാണ് തെരുവു കച്ചവടക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചിരിക്കുന്നത്.

 

മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ .കെ പ്രസാദ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് പള്ളിക്കുന്നേല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, പൊതുമരാമത്തു കമ്മറ്റി ചെയര്‍മാന്‍ കെ.ജെ സനില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ലില്ലിക്കുട്ടി മാമന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഐ.എന്‍.യു.എല്‍.എം സിറ്റി പ്രൊജക്ട്  ഓഫീസര്‍ എ.ബി വിലാസിനി,  സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.

date