Skip to main content

ഇരട്ട പുരസ്‌കാര നിറവില്‍ കുന്നുകര ഗ്രാമപഞ്ചായത്ത്

 

    ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനത്തോടെ സ്വരാജ് ട്രോഫിയും  മഹാത്മാ അയ്യന്‍കാളി പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുകയാണ് കുന്നുകര ഗ്രാമപഞ്ചായത്ത്. തദ്ദേശസ്ഥാപനങ്ങളിലെ 2021-22 വര്‍ഷത്തെ ആസൂത്രണ മികവും പദ്ധതി നിര്‍വഹണവുമാണ് സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. 10 ലക്ഷം രൂപയും പ്രത്യേക ധനസഹായവും ലഭിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിന്റെ മികവാണ് മഹാത്മാ അയ്യന്‍കാളി പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

    നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് എല്ലാ മേഖലകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ഭരണസമിതി കാഴ്ച്ചവയ്ക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 100% നികുതി പിരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. 136% പദ്ധതി വിഹിതം ചെലവഴിച്ചു. സംസ്ഥാനതലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ എട്ടാം സ്ഥാനം നേടാന്‍ പഞ്ചായത്തിനായി. ദേശീയ അര്‍ബന്‍ മിഷന്‍ പദ്ധതി വിനിയോഗത്തില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താനായി എന്നതും മറ്റൊരു നേട്ടമാണ്.

    ഈ കാലയളവില്‍ എല്ലാ മേഖലകളിലും മാതൃകപരമായ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കുന്നുകര ഗ്രാമപഞ്ചായത്തിനു സാധിച്ചു. കൃഷി അടിസ്ഥാനമായ പ്രദേശമെന്ന നിലയില്‍ കാര്‍ഷികമേഖലയ്ക്കു പ്രാധാന്യം നല്‍കുന്നുണ്ട്. നെല്‍കൃഷിക്ക് മാത്രമായി നല്ലൊരു ശതമാനം തുക വകയിരുത്തിയിരുന്നു. കേര കര്‍ഷകര്‍, വാഴ, പച്ചക്കറി കര്‍ഷകര്‍ എന്നിവ!ര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബരോഗ്യകേന്ദ്രമായി ഉയര്‍ത്താന്‍ സാധിച്ചു. അര്‍ബന്‍ പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.

    ഭിന്നശേക്ഷി വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇവരുടെ അമ്മമാര്‍ക്ക് വരുമാനം കണ്ടെത്തുന്നതിന് സ്‌കൂളിനോട് ചേര്‍ന്ന് ചവിട്ടി നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രീതിയിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയ്ക്ക് പ്രാധാന്യം കൊടുത്താണ് കുന്നുകര പഞ്ചായത്തിന്റെ പ്രവര്‍ത്തനം. ഹരിത കര്‍മ്മസേന മികവുറ്റ പ്രവര്‍ത്തനം കാഴ്ചവക്കുന്നു. ഹരിത കര്‍മ്മസേനയ്ക്ക് വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ 50 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിച്ചു. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിയിലേക്കും നല്‍കുന്നു. ചാലാക്ക ഗവ.എല്‍.പി സ്‌കൂളിലും സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു.

    തൊഴിലുറപ്പ് പദ്ധതി വഴിയുള്ള വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് മഹാത്മ അയ്യന്‍കാളി പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കൃഷി, ജലസംരക്ഷണം, പശ്ചാത്തല വികസനം തുടങ്ങിയ എല്ലാ മേഖലകളിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വഴി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനം നല്‍കാന്‍ സാധിക്കുന്നു. കൃഷി നിലം ഒരുക്കല്‍, റോഡുകളുടെ നിര്‍മ്മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും നീര്‍ച്ചാലുകളുടേയും അതിരുകെട്ടി സംരക്ഷിക്കല്‍, കെട്ടിട നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നു.

     ഭരണപ്രതിപക്ഷ ഭേദമന്യേ കൂട്ടായ പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു പറയുന്നു. ജൈവമാലിന്യ സംസ്‌കരണം, കൃഷി തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഭാവിയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

date