കൃഷിക്കും മാലിന്യസംസ്കരണത്തിനും ഊന്നല്‍ നല്കി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്
കോതമംഗലം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വാരപ്പെട്ടി. വാരപ്പെട്ടി ഗ്രാമപഞ്ചാത്തില്‍ 13 വാര്‍ഡുകളാണുള്ളത്. പഞ്ചായത്തിലെ ആകെ ജനസംഖ്യ 21,000 ആണ്. നിലവില്‍ വാരപ്പെട്ടി പഞ്ചായത്തിന്റെ സാരഥ്യം വഹിക്കുന്നത് പി.കെ ചന്ദ്രശേഖരന് നായരാണ്. സര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്ന പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
തരിശുരഹിത പഞ്ചായത്താകണം,
ശ്രമം പുരോഗമിക്കുന്നു
കൃഷി ഉപജീവനമാര്‍ഗമാക്കിയ നിരവധി പേര് അധിവസിക്കുന്ന ഗ്രാമം എന്ന നിലയില്‍ കാര്‍ഷിക മേഖലയ്ക്കു പ്രത്യേക പരിഗണനയാണ്
വാരപ്പെട്ടി പഞ്ചായത്ത് നല്‍കുന്നത്. ഈ വര്‍ഷം 55 ലക്ഷത്തോളം രൂപയാണ് കാര്‍ഷിക മേഖലയ്ക്കായി പഞ്ചായത്ത് ചെലവഴിച്ചത്. വാരപ്പെട്ടിയെ തരിശുരഹിത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ കൃഷിക്കും കര്‍ഷകര്‍ക്കും മികച്ച പ്രോത്സാഹനമാണു നല്‍കിവരുന്നത്. ഇതിനകം എട്ട് ഹെക്ടറോളം തരിശുനിലങ്ങളെ കൃഷിയിടങ്ങളാക്കി മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. നെല്‍കൃഷിയാണു പ്രധാനമായും നടത്തുന്നത്. വാരപ്പെട്ടിയുടെ സ്വന്തം എന്ന നിലയില്‍ ഒരു അരി ബ്രാന്‍ഡ് ഇറക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരഗ്രാമം പദ്ധതിയും പഞ്ചായത്തില്‍ കാര്യക്ഷമമായി പുരോഗമിക്കുന്നു.
ക്ഷീരമേഖലയിലും വിവിധ പദ്ധതികള്‍ വിജയകരമായി മുന്നോട്ടു പോകുകയാണ്. പശുവിനെ വാങ്ങാന്‍ 15,000 രൂപ സബ്സിഡി നല്കുന്ന പദ്ധതി പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ഒപ്പം കന്നുകുട്ടി പരിപാലനത്തിന് കാലിത്തീറ്റയ്ക്ക് സബ്സിഡിയും നല്‍കുന്നുണ്ട്. തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട് തുടങ്ങിയവ സ്ഥാപിക്കാന്‍ തൊഴിലുപ്പ് പദ്ധതിയുമായി സഹരകരിച്ച് സഹായങ്ങള്‍ നല്‍കുന്നുണ്ട്.
കുടുംബശ്രീയുടെ പ്രവര്‍ത്തനം
പഞ്ചായത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. കഴിയുന്ന മേഖലകളിലെല്ലാം പരസ്പരം സഹകരിച്ചാണ് പഞ്ചായത്തും കുടുംബശ്രീയും നീങ്ങുന്നത്. പഞ്ചായത്തില്‍ ഒരു കോടി രൂപയോളം ലിങ്കേജ് വായ്പയായി കുടുംബശ്രീക്ക് ലഭ്യമായിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതി
തൊഴിലുറപ്പ് പദ്ധതി വഴി പഞ്ചായത്തില്‍ രണ്ടു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. തൊഴിലുറപ്പ് വഴി ഏകദേശം 31 റോഡുകളാണു പുതുതായി നിര്‍മ്മിച്ചത്. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.
കോവിഡിനെ ഫലപ്രദമായി നേരിട്ടു
കോവിഡിനെ നേരിടുക എന്നതു വലിയ വെല്ലുവിളി തന്നെയാണ്. ചിട്ടയായ പ്രവര്‍ത്തനം വഴിയാണ് കോവിഡ് രണ്ടാം തരംഗത്തെ വാരപ്പെട്ടി പഞ്ചായത്ത് നേരിട്ടത്. പുതിയ ഭരണസമിതി വന്ന ശേഷം ആദ്യം ചെയ്തതു മുടങ്ങിക്കിടന്ന കോവിഡ് ജാഗ്രതാ സമിതികളെ പുനസ്ഥാപിക്കുക എന്നതായിരുന്നു. ഡൊമിസിലിയറി കെയര്‍ സെന്റര്‍ കേന്ദ്രീകരിച്ചു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായി. നാല് ആംബുലന്‍സുകള്‍ സജ്ജമാക്കുകയും കൃത്യമായ സേവനം ഉറപ്പാക്കുകയും ചെയ്തു.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഓക്സിജന്‍ കോണ്സണ്ട്രേറ്റര്, ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 15 ഓക്സിജന്‍ കിടക്കകള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കി. ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഐസൊലേഷന്‍ വാര്‍ഡിനായി ഒന്നേ മുക്കാല്‍ കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ നിര്‍മാണം എത്രയുംവേഗം ആരംഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏറ്റവും കുറവ് കോവിഡ് മരണങ്ങളുള്ള പഞ്ചായത്തുകളിലൊന്നായി മാറാന്‍ വാരപ്പെട്ടിക്ക് സാധിച്ചു.
അതിനൊപ്പം കോവിഡ് മൂലം ദുരിതം നേരിടുന്നവരെ സഹായിക്കാനും പഞ്ചായത്ത് ശ്രദ്ധകൊടുത്തിരുന്നു. ജനപ്രതിനിധികളുടെയും സാമൂഹ്യ, രാഷ്ട്രീയ സംഘനകളുടെയും സഹകരണത്തോടെ പഞ്ചായത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുകയുണ്ടായി.
വാക്സിനേഷന് നൂറു ശതമാനം പൂര്‍ത്തിയാക്കി
പഞ്ചായത്തിലെ വാക്സിനേഷന് നൂറു ശതമാനം പൂര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് ഊര്‍ജിതമായി പുരോഗമിക്കുകയാണ്. അതും നൂറു ശതമാനത്തിലേക്ക് അടുക്കുന്നു.
സജീവമാക്കി ഹരിത കര്‍മ്മസേന
ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയിലാണ് പഞ്ചായത്തില്‍ പുരോഗമിക്കുന്നത്. മാലിന്യനിര്‍മാര്‍ജനത്തിനു പ്രത്യേക പരിഗണന നല്കുന്ന പഞ്ചായത്തായതിനാല്‍ ഹരിത കര്‍മ്മസേനയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്. ആകെ 26 ഹരിത കര്‍മ്മസേനാ അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ 'ഡോര്‍ ടു ഡോര്‍' സേവനം വഴി മാലിന്യം സംഭരിക്കുകയും ശാസ്ത്രീയമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്തു വരികയുമാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ട്. അതിനായി ആര്.ആര്.എഫ് (റിസോര്‍സ് റിക്കവറി ഫെസിലിറ്റി) കേന്ദ്രം ആരംഭിക്കാനുള്ള ശ്രമത്തിലാണ് വാരപ്പെട്ടി പഞ്ചായത്ത്.
നിലവില്‍ എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) പ്രവര്‍ത്തിക്കുന്നതു വാടക കെട്ടിടത്തിലാണ്. അത് സ്വന്തം കെട്ടിടത്തിലേക്കു മാറ്റി പ്രവര്‍ത്തനം വിപുലമാക്കണം. ഇതിലൂടെ നിരവധി വനിതകള്‍ക്കു തൊഴില്‍ നല്‍കാനാകും. മാലിന്യങ്ങളെ തരംതിരച്ച് മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റി വിപണനം ചെയ്യുക എന്നത് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ്. അതുവഴി മാലിന്യമുക്ത പഞ്ചായത്തായി മാറുക എന്ന ലക്ഷ്യവും മുന്നിലുണ്ട്.
വയോജന സൗഹൃദ മന്ദിരം- വലിയ സ്വപ്നം
അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് പ്രായമായവരുടെ ദൈനംദിന ജീവിതവും മറ്റു കാര്യങ്ങളും. വയോജനങ്ങളില്‍ പലരും വിരസ ജീവിതമാണു നയിക്കുന്നത്. മക്കള്‍ വിദേശത്തുള്ളവരും ജോലിത്തിരക്കുള്ളവരുമായ നിരവധി പേര് വാരപ്പെട്ടി പഞ്ചായത്തിലുണ്ട്. അത്തരത്തിലുള്ളവര്‍ പലപ്പോഴായി ജനപ്രതിനിധികളോടും സാമൂഹ്യപ്രവര്‍ത്തകരോടും തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ നിന്നാണ് ഒരു വയോജന സൗഹൃദ മന്ദിരം എന്ന ആശയം ഉരുത്തിരിഞ്ഞത്. പഞ്ചായത്തില്‍ പകല്‍വീട് പ്രവര്‍ത്തിച്ചിരുന്നെങ്കിലും അതിനു പരിമിതികള്‍ ഏറെയാണ്. പുതിയ ആശയംവഴി ഉദ്ദേശിക്കുന്നത്, മികച്ച അടിസ്ഥാന സൗകര്യമുള്ള ഒരു കെട്ടിടം, അതില്‍ വായനയ്ക്കും വിനോദത്തിനും വ്യായാമത്തിനുമുള്ള സൗകര്യം, ഒപ്പം നല്ലൊരു ഉദ്യാനം എന്നിവയാണ്. ഈ പദ്ധതിയ്ക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
മറ്റൊരു സ്വപ്ന പദ്ധതിയാണ് ബഡ്സ് സ്കൂള്‍. ഒരേക്കര്‍ സ്ഥലം അതിനായി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. അത് സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
- Log in to post comments