കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലില്‍ അഗ്രോ ക്ലിനിക്ക് സംഘടിപ്പിച്ചു
കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലില്‍ വിളകളിലെ കീടരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി അഗ്രോ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഹോസ്റ്റല്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി വിദഗ്ധരായ ഡോ.അലന്‍ തോമസ്, ഡോ. വി.എസ് ചിഞ്ചു, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എം.കെ ജാലിയ, കെ.കെ അശ്വതി, അശ്വതി കൃഷ്ണ എന്നിവര്‍ കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.
കാര്‍ഷിക സര്‍വകലാശാലയുടെ 'വിത്ത് വണ്ടി'യും ക്ലിനിക്കിന്റെ ഭാഗമായി കൂനമ്മാവിലെത്തി. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങള്‍, വളക്കൂട്ടുകള്‍, കീടനാശിനികള്‍ മുതലായവ വിത്തുവണ്ടിയില്‍ നിന്നും കര്‍ഷകര്‍ക്ക് വാങ്ങാനാകും. സൂക്ഷ്മ ജീവാണുവളങ്ങള്‍ അടങ്ങിയ കിറ്റും, കാര്‍ഷിക പുസ്തകങ്ങളും കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.
പരിപാടിയില്‍ മീറ്റ് പ്രൊഡക്ഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ കമലാ സദാനന്ദന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ സെബാസ്റ്റ്യന്‍ തോമസ്, ബിജു പഴമ്പിള്ളി, കോട്ടുവള്ളി കൃഷി ഓഫീസര്‍ കെ.സി റൈഹാന, കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോം ഡയറക്റ്റര്‍ ഫാദര്‍ സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പി.സി ബാബു, വി.ശിവശങ്കരന്‍, എന്‍.എസ് മനോജ്, രാജു ജോസഫ് വാഴുവേലില്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments