ഉഡാന്‍ പദ്ധതിയുടെ ഭാഗമായാല്‍ വരുമാനത്തെയും വികസനത്തെയും ബാധിക്കും: മുഖ്യമന്ത്രി
വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എന്‍.എക്സ്.2744/18
- Log in to post comments