സര്‍വ്വേ നടപടികള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു
കാക്കനാട്: ജില്ലയില്‍ കെട്ടിക്കിടക്കുന്ന ലാന്റ് റെക്കോര്‍ഡ് മെയിന്റനന്‍സ് പരാതികള്‍ തീര്‍പ്പാക്കുന്നതിന് നിലവിലെ ഉദ്യോഗസ്ഥരെ കൂടാതെ 35 സര്‍വ്വേയര്‍മാരെയും അഞ്ച് ഹെഡ് സര്‍വ്വേയര്‍മാരെയും വിവിധ താലൂക്ക് ഓഫീസുകളില്‍ നിയോഗിച്ചു. ജില്ലയിലെ ഭൂസര്‍വ്വേ പരാതികള്‍ ഉടനടി തീര്‍പ്പാക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി. തൃക്കാക്കര റീസര്‍വ്വേ അസി.ഡയറക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രത്യേക വര്‍ക്‌ഷോപ്പ് നടത്തി ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ 'പരിഹാരം 2018' പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ താലൂക്കുകള്‍തോറും നടത്തുന്ന 'പരിഹാരം' അദാലത്തിനോടൊപ്പം സര്‍വ്വേ വകുപ്പിലെ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തിര പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. തീര്‍പ്പാക്കിയ ഫയലുകള്‍ ആഴ്ചാവസാനം ജില്ലാ കളക്ടര്‍ വിലയിരുത്തും.
കൊച്ചി താലൂക്കിലെ 118 പരാതികളിന്മേല്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കി. ആലുവ താലൂക്കിലെ 'പരിഹാരം' അദാലത്തിനോടനുബന്ധിച്ച് ഫയല്‍ വര്‍ക്‌ഷോപ്പില്‍ 180 പരാതികള്‍ പരിഗണിച്ചു. ഇവയില്‍ 160 പരാതികള്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചു. ശേഷിക്കുന്ന 20 പരാതികള്‍ തീര്‍പ്പാക്കുകയും കക്ഷികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കുകയും ചെയ്തു.
ഭൂമി സംബന്ധിച്ച പരാതികള്‍മാത്രം സ്വീകരിക്കാനായി 'പരിഹാരം' അദാലത്തില്‍ ഒരു കൗണ്ടര്‍ നീക്കിവെച്ചിട്ടുണ്ട്. അവിടെവെച്ച് തീര്‍പ്പാക്കാവുന്നവ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീര്‍പ്പുകല്‍പ്പിച്ച് ലാന്റ് റെക്കോര്‍ഡ്‌സ് തഹസില്‍ദാരുടെ കൈയ്യൊപ്പോടുകൂടിയ ഉത്തരവ് കക്ഷികള്‍ക്ക് നേരിട്ടു നല്‍കും. വിശദപരിശോധന ആവശ്യമായവ ജില്ലാ ഓഫീസിലേക്കു കൈമാറും.
- Log in to post comments