Skip to main content

എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കി എടവനക്കാട് ഗ്രാമപഞ്ചായത്ത്

        ഇന്ത്യയിലെ ഏക ഗവണ്‍മെന്റ് അംഗീകൃത ഡിമെന്‍ഷ്യ സെന്റര്‍, എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിച്ച ആദ്യ ഗ്രാമപഞ്ചായത്ത്.. നിരവധി നേട്ടങ്ങളുമായി എടവനക്കാട് ഗ്രാമപഞ്ചായത്ത്

        എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എടവനക്കാട് ഗ്രാമപഞ്ചായത്ത് ജനസാന്ദ്രതയേറിയ പ്രദേശമാണ്. കാര്‍ഷിക-മത്സ്യ മേഖലകള്‍ ഇടകലര്‍ന്നിരിക്കുന്ന പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് അസീന അബ്ദുല്‍സലാം സംസാരിക്കുന്നു...

എല്ലാ വീട്ടിലും കുടിവെള്ളം

        ജലജീവന്‍ പദ്ധതി വഴി എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിച്ച ആദ്യ ഗ്രാമപഞ്ചായത്ത് എന്ന നേട്ടം കരസ്ഥമാക്കിയ പഞ്ചായത്താണ് എടവനക്കാട്. അഭിനന്ദനം അറിയിക്കാനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഭരണസമിതിയെ പ്രത്യേകം ക്ഷണിച്ചിരുന്നു.

മികവേറിയ ആരോഗ്യരംഗം

        പഞ്ചായത്തിനു കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങള്‍ വളരെ ഊര്‍ജസ്വലമായാണ് പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ സൂതിക, പഞ്ചകര്‍മ ചികിത്സ, യോഗ തുടങ്ങി വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പ്രസവരക്ഷാ മരുന്നുകള്‍ സ്ത്രീകള്‍ക്കു സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് സൂതിക.

ഇന്ത്യയിലെ ഏക ഗവണ്‍മെന്റ് അംഗീകൃത ഡിമെന്‍ഷ്യ കേന്ദ്രം

        മറവി രോഗം ഉള്ളവര്‍ക്ക് സാന്ത്വനമായി ഇന്ത്യയിലെ തന്നെ ഏക ഗവണ്‍മെന്റ് അംഗീകൃത ഡിമെന്‍ഷ്യ കേന്ദ്രം എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ആരും ആശ്രയത്തിനില്ലാത്ത വയോജനങ്ങളെയും ഈ കേന്ദ്രം ഏറ്റെടുത്ത് പരിപാലിക്കുന്നുണ്ട്. നിലവില്‍ 20 പേരാണ് ഡിമെന്‍ഷ്യ ബാധിതരായി ഇവിടെ കഴിയുന്നത്.

കാര്‍ഷിക രംഗം

        ഗ്രോ ബാഗ് വിതരണം, പച്ചക്കറിത്തൈ വിതരണം, ഫലവൃക്ഷത്തൈ വിതരണം, വളം വിതരണം, വിത്ത് ശേഖരണം തുടങ്ങിയവ നടത്തുന്നതിനു പുറമെ  കുറഞ്ഞ ചെലവില്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കി വളം ചെയ്ത് കൊടുക്കുന്ന പദ്ധതിയും ഗ്രാമപഞ്ചായത്ത് വിജയകരമായി നടത്തിവരുന്നു. കാര്‍ഷിക കര്‍മസേനയും വളരെ സജീവമായി മുന്നോട്ട് പോകുന്നു. കാര്‍ഷിക മേഖലയില്‍ ഇതുവരെ 12.5 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു.

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്

        ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കാനുള്ള അനുമതി പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച്. ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട തുടങ്ങാനുള്ള സാമ്പത്തിക സഹായം, അവര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവയും നല്‍കിവരുന്നു.

അടിസ്ഥാനസൗകര്യ വികസനം

        കഴിഞ്ഞ വര്‍ഷം പരമാവധി റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം വികസിപ്പിക്കാന്‍ പഞ്ചായത്ത് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മൂന്ന് കോടി 33 ലക്ഷം രൂപയുടെ ഫണ്ട് ഇതിനായി ചെലവഴിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമായും ശുചിത്വത്തിനാണ് എടവനക്കാട് ഗ്രാമപഞ്ചായത്ത് ഊന്നല്‍ കൊടുക്കുന്നത്. എടവനക്കാടിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

date