വികസനവും വളര്‍ച്ചയും മുന്നില്‍ക്കണ്ട് ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത്
കൊച്ചി നഗരത്തിന്റെ അരികുചേര്‍ന്നു വികസനവും വളര്‍ച്ചയും സ്വപ്നം കാണുന്ന, അതിനായി നിലകൊള്ളുന്ന ഗ്രാമപഞ്ചായത്താണ് ചേരാനെല്ലൂര്‍. അടിസ്ഥാന വികസനം സാധ്യമാക്കി പഞ്ചായത്തിന്റെ മുഖഛായ മാറ്റുക എന്ന ലക്ഷ്യം മുന്‍നിറുത്തി സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്...
കൃഷിയിലെ ചേരാനെല്ലൂര്‍ മാതൃക
പച്ചക്കറിക്കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മണ്‍ചട്ടികളും ഗ്രോ ബാഗുകളും പച്ചക്കറിത്തൈകളുമുള്‍പ്പടെ വിതരണം ചെയ്തുകഴിഞ്ഞു. എല്ലാ വീടുകളിലും ചെറിയ കൃഷിയിടം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുകയാണ്. ഒരു വാര്‍ഡില്‍ 30 വീടുകള്‍ക്ക് മണ്‍ചട്ടിയും 100 കുടുംബങ്ങള്‍ക്ക് ഗ്രോ ബാഗുകളും വിതരണം ചെയ്തുവരുന്നു. സുഗന്ധവ്യഞ്ജനങ്ങളായ മഞ്ഞള്‍, ഇഞ്ചി, കുരുമുളക് തുടങ്ങിയവയുടെ തൈകളും വിതരണം ചെയ്യുന്നുണ്ട്.
ഇതിനുപുറമെ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, പോത്തുകുട്ടികള്‍ എന്നിവയെയും വിതരണം ചെയ്യുന്നുണ്ട്.
മാലിന്യ സംസ്‌കരണം
കഴിഞ്ഞ വര്‍ഷം മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട ചേരാനെല്ലൂര്‍ പഞ്ചായത്ത് മാലിന്യസംസ്‌കരണത്തിന് എപ്പോഴും പ്രഥമപരിഗണനയാണ് നല്‍കുന്നത്. ഹരിത കര്‍മസേനയുടെ സഹായത്തോടെ എല്ലാ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്.
കോര്‍പറേഷനുമായി അതിര്‍ത്തി പങ്കിടുന്ന വടുതല പാലത്തിനു സമീപം വന്‍തോതില്‍ മാലിന്യം തള്ളുന്നതു പതിവായിരുന്നു. മാലിന്യം റോഡിലേക്കുവരെ എത്തിയിരുന്നു. ഇതിനു പരിഹാരം എന്ന നിലയ്ക്ക് മാലിന്യം പൂര്‍ണമായി നീക്കംചെയ്യുകയും ഓപ്പണ്‍ ജിംനേഷ്യവും പാര്‍ക്കും നിര്‍മിക്കുകയും ചെയ്തു. ആളുകള്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തുകൂടാനുള്ള ഇടമായി പ്രദേശത്തെ മാറ്റാന്‍ സാധിച്ചു. ടി.ജെ വിനോദ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപയോളം മുടക്കിയാണ് പ്രദേശം മോടിപിടിപ്പിച്ചത്.
കുടിവെള്ള പ്രശ്‌നം പരിഹാരത്തിന് പരിഗണന
പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുക എന്നതിന് പ്രഥമ പരിഗണന നല്‍കുന്നുണ്ട്. അമൃത് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുന്നുംപുറം -ചേരാനെല്ലൂര്‍ കുടിവെള്ള ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. 15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ ലീക്ക് ടെസ്റ്റ് ഉള്‍പ്പടെ പൂര്‍ത്തിയായിക്കഴിഞ്ഞു. ആലുവ -തമ്മനം 1,200 എം.എം പൈപ്പില്‍ നിന്നാണ് ഈ ടാങ്കിലേക്ക് വെള്ളമെത്തിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. ബാക്കി ഭാഗത്തേക്കുള്ള പണികള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
മുഖം മിനുക്കി കുടുംബരോഗ്യ കേന്ദ്രം
ഹൈബി ഈഡന്‍ എം.പി യുടെ നേതൃത്വത്തില്‍ ഒരു കോടി രൂപ മുടക്കി ചേരാനെല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം നവീകരിച്ചു. കൂടാതെ ആയുര്‍വേദ ആശുപത്രിയിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആയുര്‍വേദ ആശുപത്രി ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും.
കമ്മ്യൂണിറ്റി ഹാള്‍
പഞ്ചായത്തിനോട് ചേര്‍ന്ന് തന്നെ പുതിയ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി കെട്ടിടത്തിന്റെ ശിലസ്ഥാപനം നിര്‍വഹിച്ചുകഴിഞ്ഞു. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.
കളിസ്ഥലം
എല്ലാ ഗ്രാമങ്ങളിലും കളിസ്ഥലം എന്ന ലക്ഷ്യത്തിലൂന്നി പഞ്ചായത്ത് പരിധിയിലും കളിസ്ഥലം ഒരുക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. പഞ്ചായത്ത് പരിധിയില്‍ കൊച്ചി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കളിസ്ഥലം ഒരുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വിന്നേഴ്‌സ് റോഡിന് സമീപം ഒന്നരയേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സാധ്യമായിടത്ത് കളിസ്ഥലം ഒരുക്കാനുള്ള ശ്രമത്തിലാണ് ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത്.
കണ്ണന്‍കുളം നവീകരണ പദ്ധതി
പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് കണ്ണന്‍കുളം നവീകരണ പദ്ധതി. 58 സെന്റോളം ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കണ്ണന്‍കുളം, വശങ്ങളില്‍ കരിങ്കല്ല് കെട്ടി സംരക്ഷിക്കുകയും ശേഷം ഒരു ഓപ്പണ്‍ പാര്‍ക്ക് ക്രമീകരിക്കുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് കോടി രൂപയാണ് പദ്ധതി ചെലവ്. ആദ്യഘട്ട നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. കണ്ണന്‍കുളത്തെ ഒരു സാംസ്‌കാരികവേദിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
സുരക്ഷിത ഭവനം
ഭൂരഹിതരായ അഞ്ച് എസ്.സി കുടുംബങ്ങള്‍ക്ക് വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭവനസമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്ന് ഭൂരഹിതരായ അഞ്ച് പേരെ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു നിര്‍മാണം നടക്കുന്നത്.
ഓപ്പറേഷന്‍ വാഹിനി
പെരിയാറിന്റെ നിരവധിയായ കൈവഴികള്‍ വന്നുചേരുന്ന പ്രദേശമാണ് ചേരാനെല്ലൂര്‍. എക്കല്‍ അടിഞ്ഞ് തോടുകളുടെ ഒഴുക്ക് സാരമായി കുറഞ്ഞ സ്ഥിതിയാണുള്ളത്. ഓപ്പറേഷന്‍ വാഹിനി വഴി തോടുകള്‍ക്ക് പഴയ ആഴവും ഒഴുക്കും വീണ്ടെടുക്കാന്‍ സാധിച്ചാല്‍ വെള്ളപ്പൊക്കം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും.
- Log in to post comments