ആരോഗ്യ കേരളം : മേപ്പയ്യൂര്‍ മോഡല്‍
ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് രൂപം കൊടുത്ത സമഗ്ര ആരോഗ്യ പദ്ധതിക്ക് ജില്ലയില്‍ രണ്ടാം സ്ഥാനം ഇത്തവണ ലഭിച്ചത് മേപ്പയ്യൂര്‍ പഞ്ചായത്തിനാണ്. ആരോഗ്യപരിപാലന രംഗത്തെ സമഗ്രസംഭാവനക്കുള്ള ഈ ആരോഗ്യ കേരളം അവാര്‍ഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിലൂടെയാണ്. ജനകീയ കൂട്ടായ്മയോടെ നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.
മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ മികവാര്‍ന്ന പ്രവര്‍ത്തനം, തരിശ് നിലങ്ങളില്‍ നടപ്പിലാക്കിയ ജൈവകൃഷി, ക്ലീന്‍ പ്രോജക്ട്, ജലസംഭരണികളുടെ സംരക്ഷണം, തോട് നവീകരണം, മാലിന്യസംസ്‌കരണ രംഗത്തെ ശ്രദ്ധേയമായ ഇടപെടല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഉത്തമ മാതൃകയാണ്. മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനായത് പഞ്ചായത്തിന് വലിയൊരു മുതല്‍ക്കൂട്ടായി. പേരാമ്പ്രയിലെ ഇപ്പോഴത്തെ എം.എല്‍.എ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെയും മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മത് മാസ്റ്ററുടെയും, രാജ്യസഭാ എം.പി ആയിരുന്ന പി. രാജീവിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം പണിതത്. 600 ഓളം രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിയില്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനായി. രോഗിക്കള്‍ക്കാവശ്യമായ മരുന്നും രക്തപരിശോധന സംവിധാനവും ആശുപത്രിയില്‍ തന്നെ ലഭ്യമാക്കി. ഇതിലൂടെ രോഗപ്രതിരോധ രംഗത്ത് വലിയ നേട്ടമാണുണ്ടായത്.
വാര്‍ഡ് അടിസ്ഥാനത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്. കൂടാതെ ആശുപത്രി നടപ്പിലാക്കിയ മിസ്ഡ് കോള്‍ പദ്ധതിയും ഏറെ ശ്രദ്ധേയമായി. അയല്‍സഭ കണ്‍വീനര്‍മാര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പറില്‍ മിസ്ഡ് കോള്‍ രേഖപ്പെടുത്തിയാല്‍ ആശുപത്രി ജീവനക്കാര്‍ നേരിട്ട് അവിടെ എത്തുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതിന്റെയൊക്കെ ഫലമായി രോഗാതുരത ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ പ്രവര്‍ത്തനവും മികച്ച രീതിയിലാണ് നടക്കുന്നത്. 126 കിടപ്പ് രോഗികളാണ് നിലവിലുള്ളത്. ആഴ്ച്ചയില്‍ അഞ്ച് ദിവസവും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. ആഴ്ച്ചയില്‍ ഒരു ദിവസം ഇവര്‍ക്ക് മാത്രമായി പ്രത്യേക ഓ.പി സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഹോമിയോ, ആയുര്‍വേദ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനവും നല്ല രീതിയില്‍ നടപ്പിലാക്കുന്നുണ്ട്.
പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകളില്‍ മാതൃകാപരമായി ക്ലീനിംഗ് മേപ്പയ്യൂര്‍ ജനകീയ കൂട്ടായ്മയോടെ എല്ലാ വര്‍ഷവും നടപ്പാലാക്കി വരുന്നു. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനവും നടന്നുവരുന്നു. ജില്ലയിലെ മാലിന്യസംസ്‌കരണത്തിന് എം.സി.എഫ് യൂണിറ്റ് സ്ഥാപിക്കുന്നതും മേപ്പയ്യൂര്‍ പഞ്ചായത്തിലാണ്. കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങളിലും ഒട്ടും പിന്നിലല്ല മേപ്പയ്യൂര്‍ പഞ്ചായത്ത്. പതിറ്റാണ്ടുകളായി തരിശായി കിടന്ന നെല്‍പാടം കൃഷിയോഗ്യമാക്കാനായി. കരുവോട് കണ്ടംചിറയിലെ 300 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ആരംഭിച്ചതോടെ കാര്‍ഷിക രംഗത്തും പഞ്ചായത്ത് മാതൃകയായി. ആച്ചികുളങ്ങര കണ്ടംചിറ തോട് നവീകരണവും വനവത്കരണത്തിന് നല്‍കിയ പ്രാധാന്യവും എടുത്ത് പറയേണ്ടതാണ്.
ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളാണ്പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്തവും ഏറെ ശ്രദ്ധേയമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണപ്രവര്‍ത്തനത്തില്‍ ആരോഗ്യമേഖലക്ക കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തില്‍ രൂപം കൊടുത്ത സംരഭമാണ് സമഗ്രആരോഗ്യ പദ്ധതി. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമഗ്രആരോഗ്യ പദ്ധതി മുഖാന്തിരം നടപ്പിലാക്കുന്ന ജനക്ഷേമ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേരളസര്‍ക്കാര്‍ ആരോഗ്യകേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യസ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധികളെ അകറ്റി നിര്‍ത്താനായതും മേപ്പയ്യൂരിന് നേട്ടമായി. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഇവിടെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 134 ജലസേചന കിണര്‍ നിര്‍മിക്കാന്‍ കഴിഞ്ഞു. വനവല്‍ക്കരണത്തിനാവശ്യമായ ഫലവൃക്ഷതൈകളായ മാതളം, പേരക്ക, നെല്ലി, സീതപ്പഴം, മുരിങ്ങ, പുളി തുടങ്ങിയ ഇനത്തിലുള്ള 48000 വൃക്ഷതൈകളും പഞ്ചായത്തിന് ഉദ്പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. കരുവോട് കണ്‍ംചിറയിലെ ജനകീയ കൂട്ടായ്മയ്ക്ക് ഹരിതകേരളം പദ്ധതിയാണ് വഴികാട്ടിയത്. തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. സ്ഥലം എം.എല്‍.എ തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തനം ഏകോപിപ്പിച്ചു. കാര്‍ഷിക വൃത്തിയുടെ വിവിധഘട്ടങ്ങളില്‍ മന്ത്രി കരുവോട് കണ്‍ംചിറയില്‍ നടത്തിയ സന്ദര്‍ശനം കര്‍ഷകര്‍ക്ക് ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.
- Log in to post comments