Skip to main content
കെ.എസ് നിബിന്‍

വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി  കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്

 

    വൈപ്പിന്‍ ദ്വീപിന്റെ മധ്യസ്ഥാനത്തിന് കുറച്ചു വടക്കുവശത്തായി സ്ഥിതി ചെയ്യുന്ന ചെറിയ പഞ്ചായത്താണ് കുഴുപ്പിള്ളി. കായലും കടലും കനാലും തോടും അതിര്‍ത്തികളായുള്ള പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍ സംസാരിക്കുന്നു

 

കാര്‍ഷിക രംഗത്ത് പുതിയ പദ്ധതികള്‍

 

    തീരദേശമേഖല ആയതിനാല്‍ കൃത്യസമയത്ത് വെള്ളം വറ്റിച്ച് കൃഷിക്ക് നിലമൊരുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി രാമവര്‍മ കനാല്‍, വെംബ്ലായി തോട് എന്നിവിടങ്ങളില്‍ ഒരു കോടി 85 ലക്ഷം രൂപ ചെലവില്‍ വെര്‍ട്ടിക്കല്‍ പമ്പ് സ്ഥാപിച്ച് സമയബന്ധിതമായി വെള്ളം വറ്റിക്കാനായി പദ്ധതി രൂപീകരിച്ചിട്ടുണ്ട്. 

 

സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത്

 

    കുഴുപ്പിള്ളി ബീച്ചിലും സെന്റ് അലോഷ്യസ് സ്‌കൂളിലും സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്കായി സൗജന്യ മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധത്കരണവും പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.

 

മത്സ്യത്തൊഴിലാളി ക്ഷേമം

 

    പഞ്ചായത്തിലെ ജനസംഖ്യയില്‍ ഏറിയ പങ്കും വഹിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തടിവള്ളം, ഉപകരണങ്ങള്‍, അവരുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

 

കടലേറ്റത്തിന് ശാശ്വത പരിഹാരം

 

    കടലേറ്റം വളരെ രൂക്ഷമായി ബാധിക്കുന്ന ഒരു പഞ്ചായത്താണ് കുഴുപ്പിള്ളി. ഇതിനെ ശാശ്വതമായി ചെറുക്കാനുള്ള പദ്ധതികള്‍ ഭരണസമിതി ആസൂത്രണം ചെയ്യുന്നു. കടല്‍ഭിത്തി നിര്‍മാണം, തോടുകളുടെ വശം കെട്ടല്‍, പുലിമുട്ട് നിര്‍മ്മാണം എന്നിവയ്ക്കുള്ള  നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ ഒരു കുടുംബത്തിന് പുതിയ വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമാകാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.

 

ടൂറിസം കേന്ദ്രങ്ങള്‍ 

 

    കുഴുപ്പിള്ളി ബീച്ചില്‍ വൃത്തിയുള്ള ടോയ്‌ലറ്റുകള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവ ഈയിടെ പഞ്ചായത്ത് ഡി.ടി.പി.സിയുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഫോക്ലോര്‍ ഫെസ്റ്റിന്റെ പ്രധാനവേദിയായിരുന്നു കുഴുപ്പിള്ളി ബീച്ച്. കൂടാതെ പൊക്കാളി പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു വിനോദസഞ്ചാര പദ്ധതിയും പഞ്ചായത്തിന്റെ ആലോചനയിലുണ്ട്.

 

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഊന്നല്‍ നല്‍കുന്ന മേഖലകള്‍

 

    ശ്മശാന നിര്‍മാണം, പൊക്കാളി കൃഷി പരിപോഷിപ്പിക്കല്‍, പൊതുകളിസ്ഥല നിര്‍മാണം, പള്ളത്താംകുളങ്ങര കുളം ശുചീകരിച്ച് അതിനോടനുബന്ധിച്ച് പാര്‍ക്കും ഇരിപ്പിടവും പണിയല്‍, ഹോമിയോ, ആയുര്‍വേദ ഡിസ്‌പെന്‍സറികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയാണ് അടുത്ത സാമ്പത്തിക വര്‍ഷം ഊന്നല്‍ നല്‍കുന്ന പ്രധാന പദ്ധതികള്‍. കുഴുപ്പിള്ളിയെ വയോജന സൗഹൃദ പഞ്ചായത്ത് ആക്കുക എന്നതും ഒരു ലക്ഷ്യമാണ്.

date