Skip to main content

ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം  കൊച്ചിയുടെ വികസനത്തെ  കാണണം: മന്ത്രി എം.വി ഗോവിന്ദന്‍ 

 

    ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമാണ് കൊച്ചിയുടെ വികസനത്തെ കാണേണ്ടതും വിഭാവനം ചെയ്യേണ്ടതുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കടവന്ത്രയിലെ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ) ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

    വിശാലകൊച്ചിയുടെ വികസനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്ന ഭരണസംവിധാനം കൂടിയാണ് ജിസിഡിഎ. കാര്യങ്ങള്‍ മനസിലാക്കി പഠിക്കുവാനും വിവിധ തലങ്ങളില്‍ ആസൂത്രണം ചെയ്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഒരു ചെയര്‍മാനേയും അതിന് പിന്തുണ നല്‍കുവാന്‍ കഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും ജനറല്‍ കൗണ്‍സിലിനേയും കൂടിയാണ് രൂപീകരിച്ചിട്ടുള്ളത്.

    കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമല്ല മറിച്ച് ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമാണ് കൊച്ചിയുടെ വികസനത്തെ നാം കാണേണ്ടതും വിഭാവനം ചെയ്യേണ്ടതും. കൊച്ചിയെക്കുറിച്ചും അതിന്റെ ചുറ്റുവട്ടത്തെ കുറിച്ചുമുള്ള വ്യക്തമായ ധാരണയോടു കൂടി തന്നെയാകണം നാം മുന്നോട്ടു പോകേണ്ടത്.  
വിശാലകൊച്ചി പ്രദേശത്തിന്റെ വികസനത്തിനായി 21 പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ സഹകരിച്ചും സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും അതില്‍ ഹ്രസ്വകാല - ദീര്‍ഘകാലപദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 

    വികസന കാര്യങ്ങളുടെ കാഴ്ചപ്പാടില്‍ നാം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.  എന്നാല്‍ അത്തരം കാര്യങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കുന്നതില്‍ പുതിയ സമീപനങ്ങള്‍ സ്വീകരിക്കണം. കോടികള്‍ മുടക്കി പൊതുസംവിധാനത്തില്‍ സ്ഥാപിക്കപ്പെടുന്ന പദ്ധതികള്‍ ഫലപ്രദമായ സംരക്ഷണ ഇടപെടലുകളില്ലാതെ നാശോന്മുഖമാകുകയാണ്.   ഇന്ന് ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സംരക്ഷണത്തിനുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് നാം രൂപം കൊടുക്കണം. ടൂറിസം രംഗത്തും കൊച്ചിക്ക് അനന്തമായ സാധ്യതകളാണുള്ളത്.  മറൈന്‍ ഡ്രൈവ്  സൗന്ദര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ അമൃത് പദ്ധതിയുടെ ഭാഗമായി നവീനമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകണം.
    
     ജീവിതനിലവാര സൂചികയില്‍ കേരളവും കൊച്ചിയും മുന്നിലാണ്.  എന്നാല്‍ ഹാപ്പിനെസ്സ് ഇന്‍ഡക്‌സില്‍ നാം വളരെ പിന്നിലുമാണ്. നമ്മുടെ വികസനപദ്ധതികള്‍ ഈ നേട്ടം കൈവരിക്കുന്ന തരത്തിലാണ് ഇനി നാം വിഭാവനം ചെയ്യേണ്ടത്.  ടൂറിസം വികസനത്തില്‍ ശൂചിത്വത്തിനും നഗരസൗന്ദര്യത്തിനും  അനുബന്ധ സൗകര്യങ്ങള്‍ക്കും വളരെയധികം പ്രാധാന്യമാണുള്ളത്. ഇത്തരത്തിലുള്ള ശുചിത്വപൂര്‍ണവും സുന്ദരവുമായ വിശാലകൊച്ചി നഗരത്തെയാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. ഇടത്തരക്കാര്‍ക്ക് ഭവനസമുച്ചയങ്ങള്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ ഇനിയും ഏറ്റെടുക്കണം.  അതിന് സര്‍ക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

    കേരള മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ ഏകോപ്പിച്ചുകൊണ്ടും തദ്ദേശ പൊതു സര്‍വീസ് പ്രഖ്യാപിക്കുകയുണ്ടായി.  ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ എടുത്തപറയേണ്ട ഒരു തീരുമാനമാണ്.  ഭരണാഘടന ഭേദഗതി, ജനകീയാസൂത്രണം എന്നിവയുടെ തുടര്‍ച്ചയില്‍ വിവിധ തലങ്ങളിലായി നിലനിന്നിരുന്ന തദ്ദേശവകുപ്പ് ഏകോപനത്തിന്റെ ഭാഗമായി ഒറ്റവകുപ്പായി മാറിയിരിക്കുകയാണ്. ഇനിയും ചില സംവിധാനങ്ങള്‍ കൂടി ഇതിന്റെ ഭാഗമാകാനുണ്ട്.

    തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ലക്ഷ്യം തന്നെ സേവനമാണ്. സംരംഭകര്‍ക്ക് പരമാവധി സേവനം നല്‍കണം. സംരംഭകരെ സംബന്ധിച്ചിടത്തോളം ഫയലുകളിലെ പോരായ്മകള്‍ ഉണ്ടെങ്കില്‍ നിരസിക്കുകയല്ല മറിച്ച് അതിനു തിരുത്തലുകള്‍ വരുത്തുവാനുളള സാഹചര്യമാണ് ഉണ്ടാകേണ്ടത്. ഒരിക്കലും തിരിച്ചയച്ച് അവരെ ബുദ്ധിമുട്ടിലാക്കുന്ന സമീപനങ്ങള്‍ ഒരു തരത്തിലും ഉണ്ടാകരുത്. 
സംവിധാനങ്ങളിലെ പോരായ്മകള്‍ അടിമുടി മാറ്റിയെടുക്കണം. ശാസ്ത്രീയവും സാങ്കേതികവുമായ വിദ്യകള്‍ അവംലംബിച്ചു തന്നെ സര്‍ക്കാര്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഇത്തരത്തിലുള്ള സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവും ശാസ്ത്രീയവുമായ മാര്‍ഗങ്ങളിലൂടെ ഭരണപരമായ പോരായ്മകള്‍ മറികടന്നും ശുചിത്വവും നഗരസൗന്ദര്യവും ലഭ്യമാക്കികൊണ്ടും ജനങ്ങളുടെ ജീവിതനിലവാരത്തെയും മാനസിക ഉല്ലാസത്തേയും പരിഗണിച്ചുകൊണ്ടും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. വിശാലകൊച്ചിയുടെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ട് പോകാന്‍ കഴിയുന്ന വിധത്തില്‍ എല്ലാ സ്ഥാപനങ്ങളേയും ഒരുമിച്ച് ചേര്‍ത്ത് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം എന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

    ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.എല്‍.എ മാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, അഡ്വ. പി.വി. ശ്രീനിജിന്‍, ജില്ലാ പഞ്ചായത്ത് അംഗമായ എ.എസ്. അനില്‍കുമാര്‍, പി.എ. പീറ്റര്‍, ഗാന്ധിനഗര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ബിന്ദു ശിവന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെക്രട്ടറി കെ.വി. അബ്ദുള്‍ മാലിക് സ്വാഗതവും  സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജെബി ജോണ്‍ നന്ദിയും പറഞ്ഞു.

date