Skip to main content

ശിക്കാരവള്ളങ്ങളുടെ നിരോധനത്തിൽ ഉപാധികളോടെ  ഇളവ്

ആലപ്പുഴ: ജില്ലയിൽ കടുത്ത കാലവർഷത്തിൽ ശിക്കാരവള്ളങ്ങളിലുള്ള സഞ്ചാരത്തിൽ അപകടസാധ്യതയുള്ളതിനാലും ശിക്കാരവള്ളങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലും മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയ നിരോധനത്തിൽ ഉപാധികളോടെ  ഇളവ് നൽകാൻ  തീരുമാനിച്ചു.  ശിക്കാരവള്ളങ്ങളുടെ നിരോധനം മൂലം ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ കുടുംബങ്ങൾ പട്ടിണിയിലും ദുരിതത്തിലും ആയതിനാൽ നിരോധനം പിൻവലിച്ച് കാലാവസ്ഥാനുസൃതമായി സർവ്വീസ് നടത്തുന്നതിനാണ് തീരുമാനം. ജൂലൈ മൂന്നിന് എ.ഡി.എമ്മിന്റെ  അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിലാണ്  മൺസൂൺ കാലയളവിൽ ഉപാധികളോടെ ശിക്കാരവള്ളങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.

 

ശിക്കാരവള്ളങ്ങൾ വേമ്പനാട്ട് കാലയിൽ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിൻറിൽ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും, അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്.

 

എല്ലാ ശിക്കാരവള്ളങ്ങളും രാവിലെ 10 മണിമുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ മാത്രം സർവ്വീസ് നടത്തേണ്ടതാണ്. ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ സർവ്വീസ് നിർത്തിവെയ്യേണ്ടതാണ്. 

 

കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ടുമാത്രമേ ശിക്കാരവള്ളങ്ങൾ സർവ്വീസ് നടത്താവൂ. എല്ലാ സഞ്ചാരികൾക്കും ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പുവരുത്തണം.

 

ശിക്കാരവള്ളങ്ങളിൽ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. യാത്രാവിവരം ഡി.റ്റി.പി.സിയെ  മുൻകൂറായി അറിയിക്കേണ്ടതുമാണ്. ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. 

 

ഇനിയൊരു ഉത്തരവു ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരേണ്ടതാണെന്ന് ജില്ല ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ല കളക്ടർ അറിയിച്ചു.

 

(പി.എൻ.എ. 1558/2018)

 

date