Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം:  പ്രദര്‍ശന-വിപണന മേള മെയ് ആദ്യവാരം  മറൈന്‍ ഡ്രൈവില്‍ മന്ത്രി പി.രാജീവ് മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു

 

    സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സംഘാടക സമിതി രൂപീകരിച്ചത്.  

    മന്ത്രി പി.രാജീവിനെ മുഖ്യരക്ഷാധികാരിയായും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, കോര്‍പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജിസിഡിഎ ചെയര്‍മാന്‍ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ ചെയര്‍മാനും പിആര്‍ഡി മേഖല ഡെപ്യുട്ടി ഡയറക്ടര്‍ വൈസ് ചെയര്‍മാനുമായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറാകുന്ന സംഘാടക സമിതിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ജോ.കണ്‍വീനര്‍മാരായിരിക്കും. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, ഡിവിഷന്‍ കൗണ്‍സിലര്‍, ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കോര്‍പറേഷനുകളുടെയും ക്ഷേമനിധികളുടെയും ചെയര്‍മാന്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്, ഡിടിപിസി സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമാണ്. പ്രദര്‍ശന-വിപണന മേളയുടെ സുഗമമായ നടത്തിപ്പിന് 11 സബ് കമ്മിറ്റികളും രൂപികരിക്കും. 

    മെയ് ആദ്യവാരം എറണാകുളം മറൈന്‍ ഡ്രൈവിലാണ് മേള. ഒരു വര്‍ഷത്തിനിടെ ഓരോ വകുപ്പിലും ഉണ്ടായ മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയാകും മേളയെന്നും വന്‍തോതിലുള്ള ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും മന്ത്രി പി.രാജീവ് പറഞ്ഞു. 

    ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന പ്രദര്‍ശന നഗരിയില്‍ വിപണന മേള, എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകള്‍, വ്യത്യസ്ത രുചികള്‍ അവതരിപ്പിക്കുന്ന വിപുലമായ ഫുഡ് കോര്‍ട്ട്, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികള്‍ച്ചറല്‍ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേ എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

    മേളയില്‍ 150 വിപണന സ്റ്റാളുകള്‍, 60 പ്രദര്‍ശന സ്റ്റാളുകള്‍, തല്‍സമയം സേവനങ്ങള്‍ ലഭിക്കുന്ന അക്ഷയ, റവന്യു, സിഎംഡിആര്‍എഫ് ഉള്‍പ്പെടെ 15 സര്‍വീസ് സ്റ്റാളുകളുമുണ്ടാകും.  ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികളും മേളയോടനുബന്ധിച്ച് നടക്കും. കൂടാതെ വിവിധങ്ങളായ സെമിനാറുകളും സംഘടിപ്പിക്കും. 

    ടെക്‌നോ ഡെമോയില്‍ റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സെക്യൂരിറ്റി ആപ്ലിക്കേഷനുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രി ഡി പ്രിന്റിംഗ്, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ അവതരണവും ഉണ്ടാകും. കുടുംബശ്രീ, കെ.ടി.ഡി.സി, സാഫ്, പ്രിസണ്‍സ്, മില്‍മ എന്നിവരുടെ ഫുഡ് കോര്‍ട്ടുകളും മേളയുടെ ഭാഗമായി പ്രവര്‍ത്തിക്കും. 

    മന്ത്രി പി.രാജീവ് അധ്യക്ഷതവഹിച്ച യോഗത്തില്‍ എംഎല്‍എമാരായ ആന്റണി ജോണ്‍, കെ.ജെ മാക്‌സി, പി.വി ശ്രീനിജിന്‍, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date