അഴിമതിയും കൃത്യവിലോപവും വച്ചുപൊറുപ്പിക്കില്ല: മന്ത്രി ടി.പി.രാമകൃഷ്ണന്‍
അഴിമതിയും കൃത്യവിലോപവും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 131 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലഹരിമരുന്നുകളുടെ വര്‍ദ്ധിച്ച ഉപയോഗം ഒരുവലിയ സാമൂഹ്യ പ്രശ്‌നമായി മാറുകയാണ്. ലഹരി മരുന്നുകള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലഹരി മാഫിയയുടെ വേരറുക്കണം. ഗുണ്ടാ-ബ്ലേഡ്, പെണ്‍വാണിഭ സംഘങ്ങള്‍ ലഹരിമാഫിയയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. ഇതിന് സര്‍ക്കാരിന്റെ നൂറ് ശതമാനം പിന്തുണയു ണ്ടാകും. മന്ത്രി വ്യക്തമാക്കി.
ലഹരി മാഫിയക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ പതിനൊന്നായിരത്തിലേറെ മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 42000 ലധികം അബ്കാരികേസുകളും ഒന്നര ലക്ഷത്തിലേറെ കോപ്ട കേസുകളും രജിസ്റ്റര്‍ ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത വേണമെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് - മന്ത്രി പറഞ്ഞു.
എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുന്നു. പുതിയ താലൂക്കുകളില്‍ ആറിടത്ത് സര്‍ക്കിള്‍ ഓഫീസുകള്‍ അനുവദിച്ചു. 138 വനിത സിവില്‍ ഓഫീസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചു. കൂടുതല്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കികൊണ്ട് എക്‌സൈസ് സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കും. മന്ത്രി പറഞ്ഞു.
എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ്‌സിംഗ,് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ പി.വിജയന്‍, എക്‌സൈസ് അക്കാദമി പ്രിന്‍സിപ്പല്‍ കെ. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിരമിക്കുന്ന അക്കാദമി പ്രിന്‍സിപ്പല്‍ കെ. മോഹനനെ മന്ത്രി ടി.പി. രാമകൃഷ്ണ്‍ ആദരിച്ചു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എം. മനു, എന്‍.ബിജു, വി. അന്‍സാര്‍, പി. ഐ പത്മഗിരീശന്‍, കെ.വി. ഷൈജു, സി.പ്രദീപ് എന്നിവര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. വിമുക്തി പദ്ധതിയുടെഭാഗമായി ആഗസ്റ്റ് 12ന് കൊച്ചിയില്‍ നടക്കുന്ന മണ്‍സൂണ്‍ മാരത്തോണ്‍ പരിപാടിയുടെ പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
- Log in to post comments