Skip to main content

പച്ച വിരിച്ച് കിളിമാനൂര്‍: ഉത്പാദിപ്പിച്ചത്്  1.73 ലക്ഷം ഫലവൃക്ഷത്തൈകള്‍  

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിളിമാനൂര്‍ ബ്ലോക്കില്‍ ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത് 1,73,620 ഫലവൃക്ഷതൈകള്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കാനും പാതകളുടെ വശങ്ങളില്‍ നട്ടു  പിടിപ്പിക്കാനുമായാണ് വിവിധയിനം വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിച്ചത്. വൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിക്കാനായി ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 45 നഴ്‌സറികളാണ് രൂപീകരിച്ചത്. 

നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആണ് ഏറ്റവും കൂടുതല്‍ നഴ്‌സറികള്‍. 14 എണ്ണം. മടവൂരില്‍ എട്ടും കരവാരത്ത് ആറും, കിളിമാനൂരില്‍ അഞ്ചും പുളിമാത്ത് നാലും നാവായിക്കുളം, പഴയകുന്നുമേല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും പള്ളിക്കലില്‍ രണ്ടും നഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നു. 

കശുമാവ്, മാവ്, പ്ലാവ്, പേര, സപ്പോര്‍ട്ട, കുടംപുളി, വേപ്പ്, നെല്ലി, മുരിങ്ങ, കറിവേപ്പ്, റമ്പുട്ടാന്‍, പുളി, സീതപ്പഴം, കണിക്കൊന്ന, മഹാഗണി, പപ്പായ, ചാമ്പ, ഞാവല്‍, മാതളം, മുള്ളാത്തി, ആത്തി, അഗസ്തി, ബദാം, പുളിഞ്ചി, നാരകം, അയണി, കാര എന്നിങ്ങനെ വിവിധയിനം തൈകളാണ് നഴ്‌സറികളില്‍ ഉത്പാദിപ്പിച്ചത്. 40655 പ്ലാവ് , 39500 പുളി, 25,730 മാവ് എന്നിവ ഉല്‍പ്പാദിപ്പിച്ചു. 

നഴ്‌സറി ജോലികള്‍ കൂടാതെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ബ്ലോക്കില്‍ കഴിഞ്ഞവര്‍ഷം 6,88,044 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 37,767 പേര്‍ക്ക് തൊഴില്‍ നല്‍കി. 1051 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷം ഇതുവരെ 63,853 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
(പി.ആര്‍.പി 1785/2018)

date