Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിതരണം  25ന് മന്ത്രി.വി.ശിവന്‍കുട്ടി നിര്‍വഹിക്കും 

 

തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്ക് 
1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും 

 

    സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാര്‍ച്ച് 25 ന്(വെള്ളിയാഴ്ച) വിതരണം ചെയ്യും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി.വി.ശിവന്‍കുട്ടി പുരസ്‌കാര വിതരണം നടത്തും. 

    ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍  കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, എളംമരം കരീം, ആര്‍.പി.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ.ആര്‍.അടലരശന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മീഷ്ണര്‍ ഡോ.എസ്.ചിത്ര, തൊഴിലാളി യുണിയന്‍ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

    17 തൊഴില്‍ മേഖലകളെ തെരഞ്ഞെടുത്ത് വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും വിലയിരുത്തലും അഭിമുഖവും നടത്തിയാണ് തൊഴിലാളി ശ്രേഷ്ഠരെ തീരുമാനിച്ചത്. തൊഴിലാളികളുടെ മികവിനെ വിലയിരുത്തി പുരസ്‌കാരം നല്‍കുണ രാജ്യത്തെ പ്രഥമ പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പുരസ്‌കാരമായി നല്‍കും.

date