Skip to main content
കെ.വിലാസിനി

തോറ്റുകൊടുക്കാത്ത ആത്മധൈര്യം; തേടിയെത്തിയത് തൊഴില്‍ പുരസ്‌കാരം

17 മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ 
പുരസ്‌കാരങ്ങള്‍ മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ചു

    സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള 17 തൊഴിലാളികള്‍ക്ക് 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്. 

തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം നേടിയവരെക്കുറിച്ച് ചുവടെ....

തോറ്റുകൊടുക്കാത്ത ആത്മധൈര്യം;
തേടിയെത്തിയത് തൊഴില്‍ പുരസ്‌കാരം

     കോഴിക്കോട് സ്വദേശിയായ കെ.വിലാസിനിക്ക്  പ്രതിസന്ധികളില്‍ തളരാതെ ആത്മധൈര്യത്തോടെ മുന്നോട്ടുപോയതിനുള്ള അംഗീകാരമാണ് മനുഫാക്ചറിങ് ആന്‍ഡ് പ്രോസസിംഗ് വിഭാഗത്തിലെ തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം. കാഴ്ച പരിമിതിയുള്ള ഭര്‍ത്താവ് വിനോദിന്റെ വരുമാനം കുടുംബത്തിലെ ചെലവുകള്‍ക്ക് തികയില്ലെന്ന് മനസിലായപ്പോള്‍ ആദ്യം ചെയ്തത് തൊഴിലുറപ്പ് ജോലിയാണ്. ജീവിത ചെലവുകള്‍ക്ക് അതു മതിയാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒഡിസിയ ചെരുപ്പ് നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായി. എട്ടു വര്‍ഷമായി ഒഡിസിയയില്‍ ജീവനക്കാരിയാണ് വിലാസിനി. ഏക മകള്‍ അമൃത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. 

    ആത്മ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ബലത്തില്‍ സ്വന്തമായി വീട് നിര്‍മ്മിക്കാനും ചെറിയ വ്യാപാര സ്ഥാപനം ആരംഭിക്കാനും വിലാസിനിക്ക് സാധിച്ചു. ഭര്‍ത്താവാണ് സ്ഥാപനത്തിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. ഓരോ പെണ്‍കുട്ടിക്കും സ്വന്തമായി വരുമാനം ഉണ്ടാകണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു നല്‍കുകയാണ് വിലാസിനി. തൊഴിലാളി പുരസ്‌കാരവും ഈ ചിന്തയ്ക്ക് അടിവരയിടുന്നു.

    കമ്പനിയിലെ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ്  തൊഴിലാളി പുരസ്‌കാരത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഓരോ ഘട്ടത്തിലും കമ്പനി അധികൃതര്‍ പിന്തുണയുമായി ഒപ്പം നിന്നു. ജീവിതത്തില്‍ അവിചാരിതമായി തേടിയെത്തിയ പുരസ്‌കാരത്തിന്റെ സന്തോഷത്തിലാണ് വിലാസിനി ഇപ്പോള്‍...ഭര്‍ത്താവ് വിനോദിനും മകള്‍ അമൃതയ്ക്കുമൊപ്പമാണ് പുരസ്‌ക്കാരം സ്വീകരിക്കുവാന്‍ വിലാസിനി എത്തിയത്.

date