Skip to main content

ഡെങ്കിപ്പനി കേസുകൾ കൂടുന്നു: വീടുകളിലും  ഉറവിട നശീകരണ  പ്രവർത്തനങ്ങൾ ഊർജിതമാക്കണം 

 

ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൊതുകിന്റെ  ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇടവിട്ടുള്ള വേനൽ മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണം.

ഈ വർഷം ഇതുവരെ 275 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 116 സ്ഥിരീകരിച്ച കേസുകളും,  സംശയിക്കുന്ന 3 ഡെങ്കിപ്പനി മരണങ്ങളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

കഴിഞ്ഞ വർഷം ജില്ലയിൽ 1721 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും, സ്ഥിരീകരിച്ച 941 ഡെങ്കി കേസുകളും,  4 സംശയിക്കുന്ന ഡെങ്കിപ്പനി മരണങ്ങളും, 3 സ്ഥിരീകരിച്ച മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

തൃക്കാക്കര, പെരുമ്പാവൂർ തൃപൂണിത്തുറ, മരട് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും കൊച്ചി നഗരസഭാ പ്രദേശത്തെ ഗാന്ധിനഗർ, പച്ചാളം, തട്ടാഴം  എളമക്കര സൗത്ത് എന്നിവിടങ്ങളിലും, കുന്നത്ത്നാട് പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്

 രോഗലക്ഷണങ്ങൾ 
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി.പനിയോടൊപ്പം തലവേദന , കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക , തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.  പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. മേൽ പറഞ്ഞ പല ലക്ഷണങ്ങളും കോവിഡ് 19 ന്റെ കൂടി ലക്ഷണമായതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.
പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂർണ്ണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈഡിസ്  കൊതുകുകൾ  വീട്ടിനകത്തും, വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുങ്ങിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്,  സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

ലോക്ഡൗൺ സമയത്ത്  വീടുകളിലും മറ്റും മണിപ്ലാന്റും, മറ്റ്  അലങ്കാര ചെടികളും വളർത്തുവാൻ തുടങ്ങിയതോടു കൂടി വീടിനുള്ളിലും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യങ്ങൾ കൂടിയതും ഡെങ്കിപ്പനിക്ക്  ഒരു പ്രധാന കാരണമായിട്ടുണ്ട്.
ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ്  കൊതുകകൾ മുട്ടയിട്ട് പെരുകും. ഈ കൊതുകുകൾ  ഓരോ പ്രാവശ്യവും 100 മുതൽ 200 വരെ മുട്ടകളും , അതിന്റെ ജീവിത കാലത്ത് അഞ്ഞൂറു മുതൽ ആയിരം മുട്ടകൾ വരെയും ഇടാം. ഒരു വർഷത്തോളം ഇവയുടെ മുട്ടകൾ കേടുകൂടാതെയിരിക്കുംഈർപ്പം തട്ടിയാൽ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ്ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും. 

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്. വെയ്ക്കുകയാണെങ്കിൽ തന്നെ  അവ മണ്ണിട്ട് വളർത്തേണ്ടതും, ചെടിച്ചട്ടിയിൽ വെള്ളം കെട്ടി കിടക്കാതെ ഒഴുക്കി കളയുകയും വേണം.

ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗ്ഗം. ആഴ്ച തോറും വീടും , ചുറ്റുപാടും , സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം.
ഇതിനായി ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. കൊതുകു വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചും ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ കഴിയും.

date