Skip to main content
എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും റിവോള്‍വിങ് ഫണ്ട് വിതരണവും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്  നിർവ്വഹിക്കുന്നു.

കേരളത്തിലെ എല്ലാ തീരങ്ങളും സംരക്ഷിക്കപ്പെടും: മന്ത്രി പി. രാജീവ്‌ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു 

 

         സംസ്ഥാനത്തിന്റെ തീരദേശ മേഖല നേരിടുന്ന  തീരശോഷണത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. തീരദേശ മേഖലയില്‍ മത്സ്യ വില്‍പനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും റിവോള്‍വിങ് ഫണ്ട് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

         ചെല്ലാനത്ത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കൊണ്ട് തീര സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റു തീരങ്ങളിലേക്കും ഉടനടി അതുവ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

      സംസ്ഥാന വ്യാപകമായി ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍ വുമണ്‍(സാഫ് )ഏജൻസിയുടെ നേതൃത്വത്തിൽ 400 ഗ്രൂപ്പുകൾ രൂപീകരിക്കും. അഞ്ചു വനിതകളെ ഉള്‍പ്പെടുത്തി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തന ഫണ്ടായി 50000 രൂപ വീതം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കുള്ള റെവോൾവിങ് ഫണ്ടിന്റെ വിതരണവും മന്ത്രി നിർവഹിച്ചു.
 
    കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി. ജെ വിനോദ് എം.എൽ.എ.,കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. രാജൻ, ഫിഷറീസ് വകുപ്പ് ജോ.ഡയറക്ടര്‍ എം.എസ് സാജു, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നൗഷര്‍ഖാൻ, മത്സ്യഫെഡ് ജില്ല മാനേജര്‍ ടി.ഡി സുധ തുടങ്ങിയവർ പങ്കെടുത്തു.

date