പാലക്കുഴ പഞ്ചായത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് പൊന്‍തൂവലായി ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാന്‍.
കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന്
കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. എറണാകുളം ജില്ലയിലെ പാലക്കുഴ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റുമാർ ആയിരിക്കും സ്പോർട്സ് കൗൺസിലുകളുടെ പ്രസിഡന്റുമാരെന്നും ഓരോ പ്രദേശത്ത് നിന്നും രജിസ്റ്റർ ചെയ്യുന്ന ക്ലബുകൾക്കായിരിക്കും കൗൺസിലുകളിൽ അംഗത്വം നൽകുക എന്നും മന്ത്രി വ്യക്തമാക്കി.
മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ സ്ഥാപിക്കുമെന്നും ഫിഫയുമായി സഹകരിച്ച് അഞ്ച് ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പുതിയ കായിക നയം തയ്യാറാക്കുമെന്നും ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി കരിക്കുലത്തിൽ സ്പോർട്സ് പാഠ്യവിഷയം ആക്കുന്നതിനുള്ള നടപടി പൂർത്തിയായി വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. പാലക്കുഴ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്
അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷൈനി ജോര്‍ജ് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലിസ് ഷാജു, പാലക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ ബിജു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആശ സനല്‍, റാണി കുട്ടി ജോര്‍ജ്, എന്നിവര്‍ മുഖ്യ അതിഥികളായി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ലിസി അലക്സ്, പാലക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കല്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജിബി സാബു, ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ.ജോസ്, സിബി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ടിംപൽ മാഗി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി.അലക്‌സാണ്ടര്‍, സ്കൂൾ പ്രിൻസിപ്പൽ ജയിംസ് മണക്കാടന്‍, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഓ.എം ഷാജി പി.ടി.എ പ്രസിഡൻ്റ് അജിമോന്‍ പള്ളിതാഴത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജയ്‌സണ്‍ ജോർജ്, ജോഷി സ്‌കറിയ, തമ്പി വണ്ടംമ്പ്ര, ഫ്രാന്‍സീസ് ആന്‍ഡ്രൂസ്, ജോണ്‍ വാഴയില്‍, അരുണ്‍ പി മോഹന്‍ തുടങ്ങിയവർ സംസാരിച്ചു.
പാലക്കുഴ പഞ്ചായത്തിൻ്റെ കായിക സ്വപ്നങ്ങൾക്ക് മിഴിവേകുന്ന പദ്ധതി ജില്ലാ പഞ്ചായത്തിൻ്റെ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42.5 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിനായി എറണാകുളം ജില് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് അനുവദിച്ച ടർഫ് കോർട്ടുകളിൽ ആദ്യത്തേതാണ് ഇത്.
- Log in to post comments