Skip to main content

ഞങ്ങളും കൃഷിയിലേക്ക്  ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് 

 

 കാക്കനാട് : കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, അതിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി   കൃഷിവകുപ്പിൻറെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. 

കാർഷിക ഗ്രൂപ്പുകൾ വഴിയായി  ഉത്പാദന മേഖലയിലും  അതോടൊപ്പം  സംഭരണ, വിപണന, കാർഷിക  മൂല്യവർദ്ധനവ് മേഖലകൾ എന്നിവ ശക്തമാക്കി കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഈ തുടർപദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.

കാർഷിക ഭക്ഷ്യവിഭവ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2020 ൽ ആരംഭിച്ച  സുഭിക്ഷകേരളം പദ്ധതിയിലൂടെ നെല്ലുൽപ്പാദനത്തിലും പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗവിളകൾ, പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപാദനത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുവാൻ നമുക്കായിട്ടുണ്ട്. കാർഷികമേഖലയിൽ ഉണ്ടായിട്ടുള്ള ഉണർവ് നിലനിർത്തി, മുഴുവൻ തരിശുഭൂമികളും കൃഷിഭൂമിയാക്കി മാറ്റി സുരക്ഷിതമായ ഭക്ഷണമാണ് ആരോഗ്യത്തിന് അടിസ്ഥാനം എന്ന് മനസ്സിലാക്കി ഓരോ കേരളീയനേയും കൃഷിയിലേക്ക് കൈപിടിച്ച് ഇറക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. 

പദ്ധതിയുടെ എറണാകുളം ജില്ലാതല ക്യാമ്പയിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ അങ്കണത്തിൽ വച്ച് നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി വിദ്യാർഥികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന കലാ ജാഥയുടെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി ഡെവലപ്മെൻ്റ് കമ്മീഷണർ ഷിബു. എ നിർവഹിക്കും. ജില്ലാ പഞ്ചായത്തിന് സമീപത്തുനിന്നും ആരംഭിക്കുന്ന കലാജാഥ തൃക്കാക്കര മുൻസിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളിൽ സമാപിക്കും. 

പരിപാടിയുടെ ഭാഗമായി പൊതു ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വെജിറ്റബിൾ കാർവിങ്,  ഫ്ലവർ അറേഞ്ച്മെൻറ്,  സലാഡ് മേക്കിങ്, പോസ്റ്ററിന് അടിക്കുറിപ്പ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തുടർന്ന് ചേരുന്ന സമാപനയോഗത്തിൽ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും.

date