Skip to main content

പുതിയ കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഏഴിന്)

 

തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ പമ്പാനദിയുടെ കുറുകെ നിര്‍മിക്കുന്ന പുതിയ കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഏഴ്) രാവിലെ 10ന് കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മാത്യൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാം മോഹന്‍, എല്‍സി ക്രിസ്റ്റഫര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി.ബിനു, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഇ.ജി.വിശ്വപ്രകാശ്, എശ്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

തിരുവല്ല- കുമ്പഴ സംസ്ഥാന പാതയില്‍ പമ്പയാറിന് കുറുകെയാണ് പുതിയ കോഴഞ്ചേരി പാലം നിര്‍മിക്കുന്നത്. ആറന്മുള എംഎല്‍എ വീണാജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പുതിയ പാലത്തിന് കിഫ്ബിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ പാലത്തിന് 207.2 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.125 മീറ്റര്‍ വീതിയുള്ള നടപ്പാതയുള്‍പ്പെടെ ആകെ 12 മീറ്റര്‍ വീതിയുണ്ട്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മിക്കും. മാരാമണ്‍ കണ്‍വന്‍ഷന് പമ്പയാറിന്റെ തീരത്തേക്കുള്ള വഴികള്‍ നിലനിര്‍ത്തുന്നതിന് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ വശങ്ങളിലായി സര്‍വീസ് റോഡുകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള കോഴഞ്ചേരി പാലം 1948 ല്‍ നിര്‍മിച്ചതാണ്. ഈ പാലത്തിന് 5.5 മീറ്റര്‍ കാര്യേജ് വേ വീതി മാത്രമാണുളളത്. ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന് ഇത് അപര്യാപ്തമാണ്. ഇത് സ്ഥിരമായ ഗതാഗതക്കുരുക്കിന് കാരണമാണ്. പുതിയ പാലം വരുന്നതോടുകൂടി കോഴഞ്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കിഫ്ബി  പദ്ധതി പ്രകാരം 19.69 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് പുതിയ പാലത്തിന് ലഭിച്ചിട്ടു ള്ളത്. 32 മീറ്റ ര്‍ നീളത്തിലു ള്ള അഞ്ച് സ്പാനുകളും, 23.6 മീറ്റര്‍ നീളത്തിലുള്ള രണ്ട് ലാന്‍ഡ് സ്പാനുകളുമാണ് പാലത്തിനുള്ളത്. നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ ആകാരമാണ് പുതിയ പാലത്തിനും. ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാണ് സമീപന പാത നിര്‍മിക്കുക. ഇതോടൊപ്പം സംരക്ഷണ ഭിത്തിയും നിര്‍മിക്കും. കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തികം നിര്‍മാണം പൂര്‍ത്തീകരിക്കും. 

                                                                                        (പിഎന്‍പി 1800/18)

date