മാതൃശിശു സംരക്ഷണത്തിനായി ആരോഗ്യ വകുപ്പിന് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം
ആരോഗ്യ വകുപ്പില്‍ മാതൃശിശുസംരക്ഷണ സേവനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രാജ്യത്താകമാനം ലഭ്യമാക്കുന്നതിനായി പുതിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. ഇതനുസരിച്ച് ഗര്‍ഭിണികള്‍, അമ്മമാര്‍, കുഞ്ഞുങ്ങള്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കും. ബന്ധപ്പെട്ട വ്യക്തികള്‍ക്ക് വ്യക്തിഗത തിരിച്ചറിയല്‍ നമ്പരും നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ ഏത് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും തുടര്‍സേവനങ്ങള്‍ ലഭിക്കുന്നതിനും അത് രേഖപ്പെടുത്തുന്നതിനും സാധിക്കും.
ജില്ലയില്‍ ഇത് ആരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യകേരളത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും ആഭിമുഖ്യത്തില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, തെരഞ്ഞെടുത്ത മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ നിര്‍വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍ അധ്യക്ഷത വഹിച്ചു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍ വിഷയാവതരണം നടത്തി. എം.സി.എച്ച് ഓഫീസര്‍ മറിയാമ്മ നൈനാന്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് രാധാമണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, ട്രെയിനര്‍മാരായ ഗീതാകുമാരി, കൃഷ്ണകുമാര്‍, പി.കെ.സ്‌നേഹലത തുടങ്ങിവര്‍ സംസാരിച്ചു.
(പിഎന്‍പി 1808/18)
- Log in to post comments