കോവിഡ് പ്രതിസന്ധിയിലാക്കിയ പ്രവാസികൾക്ക് സാന്ത്വനമായി നോർക്ക റൂട്ട്‌സ് ; പദ്ധതികളിൽ ജില്ലയ്ക്ക് മികച്ച നേട്ടം
കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ മികച്ച നേട്ടം കൈവരിച്ച് എറണാകുളം ജില്ല. വിവിധ പദ്ധതികളിലൂടെ ജില്ലയിൽ നിരവധി പ്രവാസികൾക്കാണ് സഹായം ലഭിച്ചത്.
നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിൽ 250 പേർക്കാണ് സഹായം ലഭിച്ചത്. 4,614 പേര്‍ക്കായി 30 കോടി രൂപ 2021-22ല്‍ സംസ്ഥാനത്താകെ വിതരണം ചെയ്തു. പദ്ധതി വിഹിതത്തില്‍ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്.
തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആവിഷ്ക്കരിച്ച സംരംഭക സഹായക പദ്ധതിയായ പ്രവാസി ഭദ്രത പേൾ സ്കീം വഴി ജില്ലയിൽ 150 പേർക്ക് സംരംഭം തുടങ്ങാൻ ധനസഹായം നൽകി. 149.51 ലക്ഷം രൂപയാണ് പദ്ധതി വഴി ജില്ലയിൽ നൽകിയത്. കുടുംബശ്രീ മുഖേനയാണ് പ്രവാസി ഭദ്രത പേള്‍ പദ്ധതി നടപ്പിലാക്കിയത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3,081 വായ്പകള്‍ സംസ്ഥാനത്താകെ അനുവദിച്ചിട്ടുണ്ട്. 44 കോടി രൂപയാണ് പലിശരഹിത വായ്പയായി ഇതുവരെ വിതരണം ചെയ്തത്.
നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലുള്ള പ്രധാന സംരംഭക സഹായ പദ്ധതിയായ എന്‍.ഡി.പി.ആർ.ഇ.എമ്മില്‍ (നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്) 51 സംരംഭക വായ്പകളാണ് കഴിഞ്ഞ വര്‍ഷം ജില്ലയിൽ വിതരണം ചെയ്തത്. സംസ്ഥാനത്താകെ 1,000 വായ്പകൾക്കായി 81.65 കോടി രൂപ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിൽ ചെലവഴിച്ചു.
വ്യത്യസ്ത മേഖലകളിലെ സ്വയം സംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷം നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5,010 സംരംഭക വായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്.
- Log in to post comments