Skip to main content

ധനസഹായ വിതരണത്തില്‍ നേട്ടവുമായി പിന്നാക്ക വികസന ഓഫീസ് ;  വിതരണം ചെയ്തത് 12.05 കോടി രൂപ

 

വിദ്യാഭ്യാസ ധനസഹായ ഇനത്തില്‍
 10.63 കോടി രൂപ വിതരണം ചെയ്തു

         വിവിധ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്കായി ധനസഹായ ഇനത്തില്‍ 12.05 കോടി രൂപ വിതരണം ചെയ്ത് എറണാകുളം മേഖല പിന്നാക്ക വികസന ഓഫീസ്. ഇതില്‍ 10.63 കോടി രൂപയും വിവിധ വിദ്യാഭ്യാസ ഗ്രാന്റുകളായാണ് വിതരണം ചെയ്തത്. വിശ്വകര്‍മ വിഭാഗത്തിലുള്ളവർക്കുള്ള പെൻഷൻ, പരമ്പരാഗത തൊഴിലാളികള്‍ക്കുള്ള ധനസഹായം എന്നീ ഇനങ്ങളിലാണ് ബാക്കി തുക വിതരണം ചെയ്തത്.

        പരമ്പരാഗത കരകൗശല തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ടൂള്‍കിറ്റ് വാങ്ങാനുള്ള ഗ്രാ​ന്റ് ഇനത്തില്‍ 1.10 കോടി രൂപ വിതരണം ചെയ്തു. 1,110 പേരാണ് ​ഗ്രാന്റിന് അര്‍ഹരായത്. പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്കുള്ള ധനസഹായ ഇനത്തില്‍ 102 പേർക്കായി 13.05 ലക്ഷം രൂപ വിതരണം ചെയ്തു. പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം ഒരാള്‍ക്ക് 25,000 രൂപ വീതം 
മൂന്ന് പേർക്ക് വിതരണം ചെയ്തു. വിശ്വകര്‍മ വിഭാഗത്തിലുള്ളവർക്കുള്ള പെൻഷൻ ഇനത്തില്‍ 17.22 ലക്ഷം രൂപ വിതരണം ചെയ്തു. 89 പുരുഷന്മാരും 10 സ്ത്രീകളും പെൻഷന് അര്‍ഹരായി. 

      അഡ്വക്കേറ്റ് ഗ്രാ​ന്റ്, സ്വകാര്യ മേഖലയിലെ തൊഴില്‍ പരിശീലനം, പിന്നാക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്, സാമ്പത്തിക സംവരണത്തിന് അര്‍ഹരായവര്‍ക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവയാണ് പ്രധാനമായും വിതരണം ചെയ്തത്.  15 ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളും അഡ്വക്കേറ്റ് ​ഗ്രാ​ന്റിന് അര്‍ഹരായി. 39,600 രൂപയാണ് അഡ്വക്കേറ്റ് ​ഗ്രാ​ന്റ് ഇനത്തില്‍ വിതരണം ചെയ്തത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായത്തിന് 300 പേര്‍ അര്‍ഹരായി. 34.71 ലക്ഷം രൂപ ഇവര്‍ക്കായി കൈമാറി. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ 50.31 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തത്. സാമ്പത്തിക സംവരണത്തിന് അർഹരായവര്‍ക്ക് പ്ലാൻ ഫണ്ട് ഇനത്തില്‍ 2.49 കോടി രൂപയും നോണ്‍ പ്ലാൻ ഫണ്ട് ഇനത്തില്‍ 7.28 കോടി രൂപയും വിതരണം ചെയ്തു.

date