പട്ടിക വര്‍ഗ വികസനത്തിനായി ജില്ലയിൽ ചെലവഴിച്ചത് 5.82 കോടി രൂപ; 4.49 കോടി രൂപയും കോര്‍പസ് ഫണ്ട് ഇനത്തിൽ
പട്ടിക വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ചെലവഴിച്ചത് 5.82 കോടി രൂപ. ഇതില്‍ 4.49 കോടി രൂപയും കോര്‍പസ് ഫണ്ട് ഇനത്തിലാണ് ചെലവഴിച്ചിട്ടുള്ളത്. പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് കോര്‍പസ് ഫണ്ട് ചെലവഴിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുക, കുടുംബങ്ങളിലേക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ കൈമാറുക, കുടിവെള്ളമുറപ്പാക്കുക, ശുചിമുറി നിര്‍മിക്കുക, വീടുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസ് 117 വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈൻ പഠന സൗകര്യങ്ങള്‍ ഒരുക്കിയത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 7.5 ലക്ഷം രൂപയാണ് പട്ടിക വര്‍ഗ വികസന വകുപ്പ് ചെലവഴിച്ചിട്ടുള്ളത്. സാമൂഹ്യ പഠനമുറികള്‍ ഒരുക്കുന്നതിനായി 4.5 ലക്ഷം രൂപയും നല്കി. പഠനത്തില്‍ മുൻപന്തിയില്‍ നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി 3.5 ലക്ഷം രൂപ വിതരണം ചെയ്തു. അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് പദ്ധതിക്കായി 1.77 ലക്ഷം രൂപയും അനുവദിച്ചു.
ഭവനരഹിതര്‍ക്ക് സുരക്ഷിതമായ വീടുകള്‍ ഒരുക്കാനുള്ള വിവിധ പദ്ധതികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. 1.43 കോടി രൂപയാണ് ഭവനരഹിതര്‍ക്ക് വീട് നിർമിക്കുന്നതിനായി ജില്ലയില്‍ ചെലവഴിച്ചിരിക്കുന്നത്. അംബേദ്കർ സെറ്റില്‍മെന്റ് സ്കീം പ്രകാരം 58.91 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പൊങ്ങിൻചുവട് കോളനിയിലെ 124 കുടുംബങ്ങള്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. സാന്ത്വനം ചികിത്സാ സഹായ പദ്ധതി പ്രകാരം 63 പേര്‍ക്ക് ധനസഹായം നല്കി.
ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചികിത്സാ സേവനങ്ങള്‍ എത്തിക്കുന്നതിനുമായി 21.74 ലക്ഷം രൂപ ചെലവഴിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ ഇനത്തില്‍ 33 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായി 48.98 ലക്ഷം രൂപയും ചെലവഴിച്ചു.
- Log in to post comments