ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ജില്ലാതല മോണിറ്ററിംങ് കമ്മിറ്റി യോഗം ചേര്‍ന്നു
വിവിധ വകുപ്പുകള്‍/ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ജില്ലാതല മോണിറ്ററിംങ് കമ്മിറ്റിയുടെ ആദ്യയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് അവതരിപ്പിച്ചു. ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. സംരംഭക വര്‍ഷത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.
പദ്ധതിയുടെ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. തദ്ദേശ സ്ഥാപന തലത്തിലുള്ള ഇന്റേണ്സ്മാരുടെ നിയമനം പൂര്‍ത്തിയായി. ജില്ലയിലാകെ 113 ഇന്റേണ്സ്മാരെയാണ് നിയമിക്കുന്നത്. പഞ്ചായത്തില്‍ ഒരാളും നഗരസഭയില്‍ രണ്ടുപേരും കോര്‍പറേഷനില്‍ അഞ്ചു പേരും ഇന്റേണ്സുമാരായി പ്രവര്‍ത്തിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഇന്റേണ്സുമാരുടെ പരിശീലനം നടന്നുവരികയാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കുവേണ്ട സഹായങ്ങള്‍ ഉറപ്പാക്കുകയാണ് ഇന്റേണ്സുമാരുടെ ചുമതല. സംരംഭങ്ങള്‍ക്കാവശ്യമായ ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സഹായങ്ങളും ഇവരില്‍ നിന്ന് ലഭ്യമാകും. ഓരോ ഇന്റേണ്‍സും ഓരോ മാസവും 12 സംരംഭകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. അതിനായി പൊതു ബോധവത്കരണ പരിപാടികള്‍, ലോണ്‍, ലൈസന്‍സ്, സബ്സിഡി മേളകള്‍ സംഘടിപ്പിക്കും. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്റേണ്സുമാരുടെ പ്രവര്‍ത്തനം.
ഇന്റേണ്സുമാരുടെ പ്രവര്‍ത്തനം അതാത് മാസം നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. സംരംഭകര്‍ക്കാവശ്യമായ ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിന് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കുകള്‍ക്കായി ശില്പശാല സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ബ്ലോക്ക് തലത്തില്‍ നിരീക്ഷിക്കുകയും ബ്ലോക്കുകളുടെ പ്രവര്‍ത്തനം ജില്ലാ തലത്തിലും നിരീക്ഷിക്കും. ജില്ലയില്‍ 14,610 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുവഴി 49000 ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
- Log in to post comments