അടിമുടി മാറി എറണാകുളം ജനറല്‍ ആശുപത്രി; ഒരു വര്‍ഷത്തിനിടെ പൂര്‍ത്തിയായത് 76 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിത്തിരുത്തിയ ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി. അടിസ്ഥാന സൗകര്യങ്ങള്‍കൊണ്ടും ആധുനിക ചികിത്സാരീതികള്‍ കൊണ്ടും സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ 76 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായത്.
അത്യാധുനിക നിലവാരത്തിലുള്ള ഉപകരണങ്ങള്‍കൂടി സ്ഥാപിച്ചതോടെ ഇന്നു സ്വകാര്യ മേഖലയിലെ ആശുപത്രികളുമായി കിടപിടിക്കുന്ന മികവാണ് ഈ ആശുപത്രിക്ക്. 2021 ഫെബ്രുവരിയിലായിരുന്നു ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അധികം വൈകാതെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇതു കോവിഡ് സെന്റര്‍ ആക്കി മാറ്റുകയായിരുന്നു. പിന്നീട് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പൂര്‍ണമായും ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. അപ്പോഴേക്കും 76 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളായിരുന്നു പൂര്‍ത്തിയായിരുന്നത്. കിഫ്ബിയുടെ സഹായത്തോടെ കുറ്റമറ്റ രീതിയിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
7 നിലകളിലായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളതിനെക്കാള്‍ അത്യാധുനിക ഉപകരണങ്ങളാണുള്ളത്. 22 കോടിയിലധികം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ഒരു വര്‍ഷത്തിനിടെ സ്ഥാപിച്ചത്. അനസ്‌തേഷ്യ വര്‍ക് സ്റ്റേഷനുകള്‍, വിവിധ വിദഗ്ധ ചികിത്സാ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള 6 മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍, ന്യൂറോ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ലിനാക് തുടങ്ങി അത്യാധുനിക യന്ത്ര സാമഗ്രികളെല്ലാം ഇതില്‍ ചിലതു മാത്രമാണ്.
കഴിഞ്ഞ ഡിസംബറില്‍ ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു. രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യമാണ് ആദ്യമായി ജില്ലാതല ആശുപത്രിയിലും നടപ്പാക്കിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ നേരിട്ടെത്തി ഹൃദയ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും അഭിനന്ദിച്ചിരുന്നു. സ്വകാര്യ മേഖലയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന കാര്‍ഡിയാക് ഓപ്പറേഷന്‍ തീയേറ്ററും ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ലാബുമെല്ലാം പുതുമുഖം സമ്മാനിക്കുന്നതാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപ ചിലവായിട്ടുണ്ടെങ്കിലും രോഗികളില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കാതെയാണു ചികിത്സകള്‍ നടത്തുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.
- Log in to post comments