അഭിമാനമായി എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്: പൂര്‍ത്തിയാക്കിയത് നൂറിലേറെ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍
നൂറിലേറെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ശ്രദ്ധാകേന്ദ്രമായി മാറുകയാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മുട്ട് മാറ്റിവയ്ക്കല്‍ കൂടാതെ, നട്ടെല്ലിന്റെ പരുക്കിനുള്ള ശസ്ത്രക്രിയ, മുട്ടുകാലിന്റെ ലിഗമെന്റ് ശസ്ത്രക്രിയ, കുട്ടികളിലെ ജനന വൈകല്യവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ എന്നിവയും ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ.എ.എം ജോര്‍ജ്കുട്ടിയുടെ നേതൃത്വത്തിലാണു നേട്ടം കൈവരിച്ചത്. കൂടാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയകളും സാധാരണ ശസ്ത്രക്രിയകളും ഇവിടെ ചെയ്തുവരുന്നു.
ഇവയില്‍ 98 ശതമാനവും കാരുണ്യ സുരക്ഷാ പദ്ധതിക്കുകീഴില്‍ സൗജന്യമായാണു ചെയ്തതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ അറിയിച്ചു. നിലവില്‍ രണ്ടു കാല്‍മുട്ടുകള്‍ക്കും ഒരേസമയമാണ് ഇവിടെ ശസ്ത്രക്രിയ ചെയ്യുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
- Log in to post comments